ലണ്ടൻ: പ്രീമിയർ ലീഗിൽ ക്ഷീണം തീർത്ത പ്രകടനങ്ങളുമായി ലിവർപൂളും ആഴ്‌സണലും. ലിവർപൂൾ തുടർച്ചയായ തോൽവികൾക്ക് ശേഷം ഷെഫീൽഡിനെതിരെ ജയിച്ചു. പഴയ പ്രതാപം പുറത്തെടുത്ത ആഴ്‌സണൽ കരുത്തരായ ലെസ്റ്ററിനെ തോൽപ്പിച്ചു. ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും ആഴ്സണൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കുമായിരുന്നു എതിരാളികളെ പരാജയപ്പെടുത്തിയത്.
കളിയുടെ രണ്ടാം പകുതിയിലാണ് ലിവർപൂളിന് അനുകൂലമായ ഗോളുകൾ പിറന്നത്. 48-ാം മിനിറ്റിൽ കുർട്ടിസ് ജോൺസനാണ് ലിവർപൂളിനായി ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ ഷെഫീൽഡ് സമ്മാനിച്ചതാണ്. 65-ാം മിനിറ്റിലാണ് കീൻ ബ്രയാന്റെ പിഴവ് ലിവർപൂളിന് അനുകൂല ഗോളായി മാറിയത്. പട്ടികയിൽ ലിവർപൂൾ ആറാം സ്ഥാനത്താണ്.
കളിയുടെ ആദ്യ നിമിഷത്തിൽ തന്നെ ലെസ്റ്റർ നിര തങ്ങളുടെ കരുത്ത് തെളിയിച്ചു. 6-ാം മിനിറ്റിൽ യൗരി തീലേമാൻസാണ് ഗോൾ നേടിയത്. എന്നാൽ തുടർന്നങ്ങോട്ട് ആഴ്‌സണലിന്റെ മുന്നേറ്റമാണ് കണ്ടത്. 39-ാം മിനിറ്റിൽ ഡേവിഡ് ലൂയിസ് സമനില പിടിച്ചു. ആദ്യപകുതിയുടെ അധിക സമയത്ത് അലക്‌സാണ്ടറിലൂടെ ഗണ്ണേഴ്‌സ് രണ്ടാം ഗോളും നേടി ലീഡ്് 2-1 ആക്കി. 52-ാം മിനിറ്റിൽ നിക്കോളാസ് പെപ്പേ ജയം ആധികാരികമാക്കി മൂന്നാം ഗോളും നേടി. പട്ടികയിൽ ആഴ്സണൽ പത്താം സ്ഥാനത്താണ്.
















Comments