ന്യൂയോർക്ക്: ആഗോളതലത്തിലെ രാസായുദ്ധ നിർമ്മാണത്തിനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനവും മുന്നറിയിപ്പും. ഒരു നിയന്ത്രണവുമില്ലാതെ ചില രാജ്യങ്ങൾ അതിനെ കൈകാര്യം ചെയ്യുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ യോഗത്തിൽ തെളിവ് സഹിതം തുറന്നടിച്ചു. സുരക്ഷാ കൗൺസിൽ ആഗോള തലത്തിൽ തന്നെ സമഗ്ര അന്വേഷണം പരിശോധനയും നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കായി സുരക്ഷാ കൗൺസിലിലെ രാഷ്‌ട്രീയ വിഷയങ്ങളുടെ സംയോജകനായ ആർ.രവീന്ദ്രയാണ് വിഷയം അവതരിപ്പിച്ചത്.
ഭീകരരുടെ ഓരോ മേഖലയിലേയും പ്രവർത്തനം വ്യത്യസ്തമാണെന്ന് ഇന്ത്യ തെളിവ് സഹിതം സമർത്ഥിച്ചു. സിറിയയെ പേരെടുത്ത് പറഞ്ഞ ഇന്ത്യ ഐ.എസ് വളരെ വേഗത്തിൽ മേഖലയിലെ എല്ലാ ദരിദ്രരാജ്യങ്ങളിലും വ്യാപിക്കുന്നതായും അവരുടെ കൈകളിലേക്ക് ലോകവിനാശകാരിയായ രാസായുധങ്ങൾ എത്തിയതായി സംശയിക്കുന്നതായും രവീന്ദ്ര മുന്നറിയിപ്പ് നൽകി. സുരക്ഷാ കൗൺസിൽ അടിയന്തിരമായി ആഗോള തലത്തിൽ രാസായുധ നിർമ്മാണം നിരോധിക്കുകയും അത് നിർമ്മിച്ച രാജ്യങ്ങളിൽ നിന്ന് അവ എവിടേയ്‌ക്കെല്ലാം പോയെന്ന് കണ്ടെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ലോകത്തെ നിരവധി രാജ്യങ്ങൾ ഭീകരതയുടെ പിടിയിലാണ്. ഭരണകൂടങ്ങ ളേക്കാൾ ഭീകരർക്കാണ് പലയിടത്തും സ്വാധീനം. ലോകരാജ്യങ്ങൾ മറ്റെല്ലാ രാഷ്‌ട്രീയ അനിഷ്ടങ്ങളും മാറ്റിവെച്ച് അത്തരം രാജ്യങ്ങളെ മാനുഷികമായി പരിഗണിച്ച് ദരിദ്രജനങ്ങളെ സഹായിക്കണമെന്നും ഇന്ത്യൻ പ്രതിനിധി ആവർത്തിച്ചു. സിറിയയെ നശിപ്പിക്കുന്നതും സമാധാനം ഇല്ലാതാക്കുന്നതും ഐ.എസാണ്. എന്നാൽ സിറിയയിലെ സാധാരണക്കാരൻ ഭക്ഷണവും ആരോഗ്യ സഹായവും എത്തിക്കാൻ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം തുടരുമെന്നും രവീന്ദ്ര വ്യക്തമാക്കി.
Comments