പ്രപഞ്ചത്തില്‍ നിമിഷം തോറും പല തരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുന്നത്. ഇതിനെ കുറിച്ച് ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തി വരുന്നു. ഓരോരോ പഠനം നടത്തും തോറും മഞ്ഞുപാളികളുടെ അവസ്ഥ കൂടുതല്‍ അപകടകരമാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിരിക്കുന്ന ഒന്നാണിത്. ഇത്തരത്തില്‍ ഉരുകിയൊലിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയ ഏറ്റവും ഒടുവിലത്തെ മഞ്ഞു പാളിയാണ് പൈന്‍ ഐലന്‍ഡ്. ഹൈടെക് സീലുകളുടെ സഹായത്തോടെയാണ് ഗവേഷകര്‍ ഇത് കണ്ടെത്തിയത്.
ഇത്തരത്തില്‍ മഞ്ഞുരുകിയൊലിക്കുന്ന ഭൗമമേഖലയാണ് ആര്‍ട്ടിക്ക്. എന്നാല്‍ സാറ്റ്‌ലെറ്റുകളുടെ സഹായത്തോടെ ഗവേഷണത്തിന് മുന്‍കൈ എടുക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിച്ചേരാനുള്ള സാധ്യതകള്‍ കാരണം ആര്‍ട്ടിക്കിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുരുകുന്നതിനെ കുറിച്ച് ഗവേഷകര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഏകദേശം മൂന്നോ നാലോ മാസം മാത്രമേ അന്റാര്‍ട്ടിക്കില്‍ നേരിട്ടുള്ള പഠനം സാധിക്കുകയുളളൂ. കൂടാതെ അവിടെയും വിശദമായ ഗവേഷണങ്ങള്‍ക്ക് പരിമിതിയുണ്ട്.
എന്നാല്‍ ഈ പരിമിതിയെ അതിജീവിക്കാനായി അന്റാര്‍ട്ടിക്കിലെ കഠിനമായ മേഖലകളിലും സമുദ്രത്തിന്റെ ആഴങ്ങളിലുള്ള നിരീക്ഷണത്തിനുമായി ഗവേഷകര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഹൈടെക് സീലുകള്‍. മഞ്ഞുരുകല്‍ വലിയ തോതില്‍ നടക്കുന്ന മഞ്ഞുപാളികളുടെ അടിഭാഗങ്ങളിലെ പഠനത്തിൽ ഇവയുടെ പങ്ക് വളരെ വലുതാണ്. ഈ സീലുകളുടെ ആവാസ വ്യവസ്ഥ തന്നെ മഞ്ഞുപാളികളുടെ ചുറ്റിപ്പറ്റിയാണ്. അതു മനസ്സിലാക്കിയാണ്. ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. യിസി ഷങ് മഞ്ഞുപാളികളുടെ പഠനത്തിനായി ഇത്തരത്തിലൊരു പുതിയ ആശയം കണ്ടെത്തിയത്. സീലുകളുടെ ശരിരത്തില്‍ ഘടിപ്പിച്ച ഉപകരണങ്ങളിലൂടെയാണ് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.
Comments