ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല തരത്തിലുള്ള ആചാരങ്ങളേയും വിശ്വാസങ്ങളേയും മുറുകെ പിടിച്ചു ജീവിക്കുന്ന ഒരുപാട് നാടുകളുണ്ട്. ലോകവും ശാസ്ത്രവും എത്ര വളര്‍ന്നാലും എത്ര പുരോഗതി കൈവരിച്ചാലും ഇത്തരക്കാര്‍ അവരുടെ വിശ്വാസങ്ങളെ കൈവിടാന്‍ തയ്യാറാകില്ല. ആ വിശ്വാസങ്ങള്‍ തുടര്‍ന്നു കൊണ്ടാണ് അവര്‍ ജീവിക്കുക. വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരിടമാണ് ഹോങ്കോങ്ങ്. എന്നാല്‍ ഇവിടെ ഇപ്പോഴും കൗതുകകരമായ, കേട്ടാല്‍ അതിശയം തോന്നുന്ന ഒരു ആചാരമുണ്ട്.സംഖ്യാ ശാസ്ത്രത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഇവിടെയുളളവര്‍ കൊണ്ടു നടക്കുന്ന അന്ധവിശ്വാസം. ഭാഗ്യം നിറഞ്ഞ സംഖ്യയും നിര്‍ഭാഗ്യം നിറഞ്ഞ സംഖ്യയും ഈ ലിസ്റ്റിലുണ്ട്.
അതനുസരിച്ചു മാത്രമേ അവര്‍ പ്രവര്‍ത്തിക്കുകയുളളൂ. ഈ പ്രദേശക്കാര്‍ക്ക് വളരെയേറെ നിര്‍ഭാഗ്യം കൊണ്ടു വരുന്ന ഒരു നമ്പറാണ് നാല്. എന്നാൽ എട്ട്, ഒന്‍പത് നമ്പറുകള്‍ ആകട്ടെ ഏറ്റവും സൗഭാഗ്യങ്ങള്‍ കൊണ്ടു വരുന്ന നമ്പറുകളുമാണ് ഇവിടുത്തുക്കാര്‍ക്ക്. മാന്‍ഡറിന്‍, കന്റോണീസ്, ഭാഷകളില്‍ ഈ വാക്കിന്റെ ഉച്ചാരണം മരണം എന്ന വാക്കിന് സമാനമാണ്. അത്തരത്തില്‍ ഒരു വിശ്വാസം ഉറച്ചു പോയതു കൊണ്ടാകാം നാലിനെ ഇത്രത്തോളം നിര്‍ഭാഗ്യം നിറഞ്ഞ ഒന്നായി ഇവിടുത്തുകാര്‍ കണ്ടു പോരുന്നത്. ഈ നമ്പര്‍ ഇവര്‍ മറന്നു തുടങ്ങി എന്നു തന്നെ പറയാം. കാരണം കെട്ടിടങ്ങളിലും മറ്റും നാലാം നമ്പര്‍ നിലകള്‍ ഒഴിവാക്കുകയും കൂടാതെ നാലുമായി ബന്ധപ്പെട്ട സമ്മാനങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും നല്‍കാറുമില്ല.
കൂടാതെ ഫോണ്‍ നമ്പര്‍, വാഹനങ്ങളുടെ നമ്പര്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ നാലിനെ ഒഴിവാക്കുകയാണ് പതിവ്. എല്ലാത്തിനും നാല് വരാതെ അവര്‍ ശ്രദ്ധിക്കാറുണ്ട്. അവര്‍ക്ക് ഭാഗ്യം കൊണ്ടു വരുന്ന എട്ട്, ഒന്‍പത് നമ്പറുകള്‍ ലഭിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ എത്ര വില കൊടുത്താണെങ്കിലും എട്ടു നിലയിലുള്ള വീട് സ്വന്തമാക്കാന്‍ ഇവര്‍ പരിശ്രമിക്കുന്നു. കാലം എത്ര മാറിയാലും വിശ്വാസങ്ങളെ മാറ്റിനിര്‍ത്താന്‍ അത്തരക്കാര്‍ തയ്യാറാവില്ല . സാങ്കേതിക വിദ്യയും മുന്നേറിയാലും രസകരമായ വിശ്വാസങ്ങളും ആചാരങ്ങളും തുടര്‍ന്നു പോകുന്ന ചില നാടുകളും നഗരങ്ങളും ഇന്നും ഉണ്ട്.
Comments