ന്യൂയോർക്ക്: ആഗോളഭീകരത തുടച്ചുനീക്കാൻ സുപ്രധാന നിർദ്ദേശങ്ങളുമായി ഇന്ത്യ. ലോകം മുഴുവൻ ഇസ്ലാമിക ഭീകരരെ പരിശീലിപ്പിക്കുകയും സ്വയം ഭീകരതയുടെ ദുരന്തം ഏറ്റു വാങ്ങുകയും ചെയ്യുന്ന സിറിയയെ സാധാരണ നിലയിലേക്ക് എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഐക്യരാഷ്‌ട്രസുരക്ഷാ കൗൺസിലിലാണ് ഫലപ്രദമായ നീക്കങ്ങളുടെ പദ്ധതി ഇന്ത്യ മുന്നോട്ട് വെച്ചത്.ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് സുരക്ഷാ സമിതി അവലോകയോഗത്തിൽ സിറിയയുടെ വിഷയത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ ഇടപെടൽ നടത്തിയത്. ആഗോള ഇസ്ലാമിക ഭീകരതയുടേയും ഐ.എസിന്റെയും കേന്ദ്രമായതാണ് സിറിയയുടെ നാശത്തിന് കാരണമെന്ന് കഴിഞ്ഞ മാസം ഇന്ത്യ സുരക്ഷാ സമിതിയിൽ തെളിവ് നിരത്തി ചൂണ്ടിക്കാട്ടിയിരുന്നു.
സൈനിക നടപടികളല്ല ഭീകരത ഇല്ലാതാക്കാൻ സിറിയയിൽ ആവശ്യമെന്നാണ് ഇന്ത്യയുടെ പ്രധാന വിലയിരുത്തൽ. പത്തുവർഷത്തെ ഭീകരത സിറിയയുടെ സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യമേഖലയെ തകർത്തുകളഞ്ഞു. കൊറോണ യുടെ പ്രതിരോധത്തിലും ഭരണകൂടം പരാജയപ്പെട്ടുവെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി. സിറിയ സ്വയം തീരുമാനമെടുക്കുന്ന, നേതൃത്വം കൊടുക്കുന്ന രാഷ്‌ട്രീയ സാമൂഹിക മാറ്റത്തിലൂടെയാണ് ഭീകരത ഇല്ലാതാക്കേണ്ടത്. അതിന് എല്ലാ രാജ്യങ്ങളും സിറിയയുടെ ഭരണകൂടത്തിനെ സഹായിക്കണം. അതിനായി ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക കേന്ദ്രം സ്ഥിരം പ്രവർത്തനം ആരംഭിക്കണ മെന്നുമാണ് ഇന്ത്യയുടെ നിർദ്ദേശം.
Comments