ജനീവ: പാകിസ്താനെതിരെ സുരക്ഷാ സമിതിയിൽ ആഞ്ഞടിച്ച് ഇന്ത്യ. മനുഷ്യാവ കാശത്തെ പൂർണ്ണമായും ലംഘിക്കുന്ന പാക് ഭരണകൂട നയങ്ങളെ ഇന്ത്യ സുരക്ഷാ സമിതി യോഗത്തിൽ നിശിതമായി വിമർശിച്ചു. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. ഇസ്ലാമാബാദിലെ മുഴുവൻ മനുഷ്യാവകാശ ലംഘനങ്ങളും ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക സമിതി അന്വേഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 46-ാം സമ്മേളനത്തിലാണ് ഇന്ത്യ പാകിസ്താന്റെ എല്ലാ മേഖലകളിലേയും പരാജയം തെളിവ് നിരത്തി സമർത്ഥിച്ചത്. സുരക്ഷാ സമിതി അംഗത്വം നേടിയ ശേഷം ഇന്ത്യ മനുഷ്യാവകാശ യോഗത്തിൽ പാകിസ്താനെതിരെ ഇന്ത്യ വിഷയം ശക്തമാക്കുന്നത് ഈ വർഷം ഇതാദ്യമായാണ്.
പാകിസ്താൻ അവരുടെ ഭീകരമായ കുറ്റകൃത്യങ്ങളെ മറച്ചു വെയ്‌ക്കുന്നതിൽ സമർത്ഥരാണ്. ഇന്ത്യക്കെതിരെ പച്ചക്കള്ളം അന്താരാഷ്‌ട്ര തലത്തിൽ പ്രചരിപ്പിക്കുന്നു. പ്രധാന ലക്ഷ്യമായി വിദേശകാര്യവകുപ്പ് കൊണ്ടുനടക്കുന്നത് നുണപ്രചാരണമാണ്. മതന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും മതംമാറ്റുന്നതും ഭരണകൂടവും കോടതിയും സാധാരണ സംഭവമായി മാത്രം കാണുന്നു. പെൺകുട്ടികളുടെ മേലുള്ള അതിക്രമം വർദ്ധിച്ചു വെന്നും ഇന്ത്യ സഭയ്‌ക്ക് മുമ്പാകെ പറഞ്ഞു.
പാകിസ്താൻ ഭീകരരുടെ സ്വന്തം നാടാണ്. പാക് അധിനിവേശ കശ്മീരിലൂടെ ഇന്ത്യയിലേക്ക് പാക് സൈന്യത്തിന്റെ സഹായത്താൽ ഭീകരർ നടത്തുന്ന നുഴഞ്ഞുകയറ്റശ്രമം ഇന്ത്യ തുറന്നുകാട്ടി. ബലൂചിസ്താൻ ജനതയെ പാക്‌സൈന്യം കൂട്ടക്കൊല ചെയ്ത സമീപകാല സംഭവങ്ങളും ഇന്ത്യ ചൂണ്ടിക്കാട്ടി. ബലൂചിൽ തെരഞ്ഞെടുപ്പു പോലും അട്ടിമറിക്കപ്പെട്ടു. സൈന്യത്തിന്റെ തോക്കിൻ മുനയിലാണ് ജനം ജീവിക്കുന്നത്. അപ്രത്യക്ഷരാകുന്നവരുടെ നാട് എന്നാണ് ബലൂചിലെ അവസ്ഥയെ ഇന്ത്യ വിശദീകരിച്ചത്. പാക് സൈന്യത്തിനെതിരെ സംസാരിക്കുന്നവരുടെ നാക്ക് പിഴുതെടുക്കും എന്ന് ഒരു പാകിസ്താൻ മന്ത്രി ബലൂചിൽ പ്രസംഗിച്ചതും ഇന്ത്യ തെളിവായി സഭയ്‌ക്ക് മുമ്പാകെ വെച്ചു.
















Comments