കൊൽക്കത്ത: പശ്ചിമബംഗാളിൽ മമതയുടെ ദുർഭരണത്തിനെതിരെ ട്രിപ്പിൾ ഡോസുമായി ബി.ജെ.പി. അതിശക്തരായ മൂന്ന് കേന്ദ്രനേതാക്കൾ ഒറ്റ ദിവസം ബംഗാളിന്റെ മണ്ണിൽ എത്തിയത് അണികളുടെ ആവേശം ഇരട്ടിയാക്കി യിരിക്കുകയാണ്. അതേ സമയം പ്രമുഖ നേതാക്കൾ പാർട്ടിവിട്ടതും വെറുപ്പിന്റെ രാഷ്‌ട്രീയം മാത്രം പ്രസംഗിക്കുന്ന മമതയുടെ പതിവു ശൈലിയും തൃണമൂൽ അണികളെപ്പോലൂം മടുപ്പിക്കുന്നതായി ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ബംഗാളിൽ പ്രചാരണത്തിനെത്തിയത്. കളി തുടങ്ങിക്കഴിഞ്ഞു ദീദീ… നന്നായി കളിച്ചോളൂ എന്ന പരിഹാസവാചകങ്ങളുയർത്തിയാണ് രാജ്‌നാഥ് സിംഗ് മിഡ്‌നാപ്പൂരിൽ വൻജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. ശക്തമായി ജനങ്ങളൊന്ന് ആഞ്ഞു തള്ളിയാൽ മതി…ആ കരുത്തിൽ തൃണമൂൽ അപ്രത്യക്ഷമാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
വലിയ തരംഗമായ റോഡ് ഷോ നടത്തിയാണ് നദ്ദ മുന്നേറിയത്. ബിഷ്ണുപൂരിലാണ് നദ്ദയുടെ പ്രചാരണം നടന്നത്. ബാട്‌ല ഹൗസ് പോരാട്ടത്തെ കാപട്യമെന്ന് പരിഹസിച്ച മമതയ്‌ക്ക് ഇപ്പോഴെന്താണ് പറയാനുള്ളത്. ഭീകരന് കോടതി വധ ശിക്ഷ വിധിച്ചു കഴിഞ്ഞു. തന്റെ വാദം തെറ്റായാൽ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് അന്ന പറഞ്ഞ ദീദി ഇനി എന്തു പറയുമെന്നും നദ്ദ ചോദിച്ചു.
പുരുലിയയിലാണ് യോഗി ആദിത്യനാഥ് എത്തിയത്. ഒരു കാലഘട്ടത്തിൽ പശ്ചിമബംഗാളിനെ ബാധിച്ചിരുന്നത് കപടമതേതരത്വമായിരുന്നു. ക്ഷേത്രത്തിൽ പോയാൽ മതേതരത്വം തകരുമെന്ന് പ്രചരിപ്പിച്ച ബംഗാളിൽ ഇന്ന് ദീദി സ്വയം ക്ഷേത്രദർശനം നടത്തി വോട്ട് പിടിക്കാൻ നോക്കുകയാണ്. ബംഗാളിലെ തൃണമൂൽ ഗുണ്ടകൾ കൊന്നുതള്ളിയ ബി.ജെ.പിയുടേയും മറ്റ് രാഷ്‌ട്രീയ പാർട്ടികളുടേയും കുടുംബങ്ങളുടെ കണ്ണീർ മമതയ്‌ക്ക് ഉത്തരം നൽകുമെന്നും യോഗി ആദിത്യനാഥ് റാലിയിൽ പറഞ്ഞു.
















Comments