കൊച്ചി: ഐ ഫോൺ വിവാദത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്‌ക്ക് ഹാജരാകാൻ വീണ്ടും നോട്ടീസ് അയച്ച് കസ്റ്റംസ്. 23ന് ഹാജരാകാനാണ് കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്. മാർച്ച് പത്തിന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്.
ലൈഫ് മിഷന്റെ കരാർ ലഭിക്കുന്നതിനായി സ്വപ്‌ന സുരേഷിന്റെ നിർദ്ദേശ പ്രകാരം ആറ് ഐഫോണുകൾ വാങ്ങി നൽകി എന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിൽ ഒരു ഫോണിൽ വിനോദിനി ബാലകൃഷ്ണന്റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തി. ഇതേത്തുടർന്നാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ട് വട്ടിയൂർക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താൻ മടങ്ങി. ഇമെയിൽ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ വാദം. യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യിൽ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
















Comments