പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. പൂനെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വ ത്തിൽ ടെസ്റ്റിലും ടി20യിലും പരമ്പര നേട്ടത്തോടെയാണ് ടീം ഇന്ത്യ സ്വന്തം നാട്ടിൽ മുന്നേറു ന്നത്. രണ്ടാം ഏകദിനം 26-ാം തീയതിയും മൂന്നാമത്തേത് 28നും നടക്കും.
അരങ്ങേറ്റം കുറിച്ചവരെല്ലാം മികച്ച ഫോമിലേക്കുയരുന്ന യുവനിരയാണ് ഇന്ത്യയുടെ ശക്തി. ടെസ്റ്റ് മത്സരത്തിലും ടി20യിലും നിർണ്ണായക ഘട്ടത്തിൽ രക്ഷകരായി യുവനിരമാറുന്നതാണ് എതിരാളികളേക്കാൾ മുൻതൂക്കം നൽകുന്നത്. ഓപ്പണർമാരായ രോഹിതും ശിഖർ ധാവനുമാണ് സാദ്ധ്യതാ പട്ടികയിലുള്ളത്. കോഹ്ലി, ശ്രേയസ്സ് അയ്യർ, ഋഷഭ് പന്ത് എന്നിവർ മദ്ധ്യനിരയിൽ ഇറങ്ങും. ആറാമതായി രാഹുൽ, ക്രുണാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ ഇവരിൽ ആരാകും പരീക്ഷിക്കപ്പെടുക എന്നത് അറിവായിട്ടില്ല. ഏഴാം സ്ഥാനത്ത് ഹാർദ്ദിക്കും കളിക്കും. ഭുവനേശ്വർകുമാർ നേതൃത്വം നൽകുന്ന ബൗളിംഗ് നിരയിൽ ടി.നടരാജനാണ് മറ്റൊരു കരുത്താകുന്നത്. ഇവർക്കൊപ്പം മികച്ച ഫോമിലുള്ള ഷാർ്ദ്ദൂൽ ഠാക്കുറും ഇറങ്ങും. യൂസ്വേന്ദ്ര ചഹലോ കുൽദീപ് യാദവോ സ്പിന്നർമാരുടെ റോൾ കൈകാര്യം ചെയ്യും.
ഇംഗ്ലണ്ട് അവരുടെ ലോകകപ്പ് ഹീറോകളായ മൂന്ന് പ്രധാനപ്പെട്ട താരങ്ങളില്ലാതെയാണ് കളിക്കാനിറങ്ങുന്നത്. നായകൻ ജോ റൂട്ടിനും ക്രിസ് വോക്‌സിനും വിശ്രമം നൽകിയപ്പോൾ ബൗളറായ ജോഫ്രാ ആർച്ചറിന് പരിക്കുമൂലം കളിക്കാനാകില്ല. ഓയിൻ മോർഗൻ നയിക്കുന്ന ടീമിൽ ടി20യിലും കളിക്കാതിരുന്ന മോയീൻ അലി, സാം ബില്ലിംഗ്, ലിയാം ലിവിംഗ് സ്‌റ്റോൺ, റീസ് ടോപ്ലേ എന്നിവർ ഏകദിനത്തിൽ കളിക്കും. ജാസൺ റോയിയും ജോസ് ബട്‌ലറുമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ കരുത്തന്മാർ. മദ്ധ്യനിരയിൽ ബെൻ സ്‌റ്റോക്‌സും ഇന്ത്യക്ക് വെല്ലുവിളിയാണ്. 2023ലെ ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യയെ ഈ സീസണിലെ 50 ഓവർ മത്സരത്തിൽ ആദ്യമായി നേരിടുന്നു എന്നതും പ്രത്യേകതയാണ്.
















Comments