ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പാകിസ്താൻ ദിനത്തിൽ ആശംസകൾ നേർന്നു. പ്രധാനമന്ത്രി എന്ന നിലയിൽ അയൽരാജ്യത്തിന്റെ സുപ്രധാന ദിനത്തിന് നൽകിയ ആശംസാ സന്ദേശം കത്ത് മുഖേനയായിരുന്നു. ‘അയൽരാജ്യമെന്ന നിലയിൽ എന്നും പാകിസ്താനുമായി സൗഹൃദം മാത്രം ആഗ്രഹിച്ച രാജ്യമാണ് ഇന്ത്യ. ഇതിനായി പരസ്പര വിശ്വാസം അനിവാര്യമാണ്. ഭീകരതയും തട്ടിക്കൊണ്ടുപോകലുമടക്കം ഈ തത്വങ്ങൾക്ക് വിരുദ്ധമാണ്.’ കത്തിലൂടെ പ്രധാനമന്ത്രി സൂചിപ്പിച്ചു.
അന്താരാഷ്‌ട്ര തലത്തിൽ രാജ്യങ്ങൾക്കിടയിൽ ദേശീയ ദിനങ്ങളുമായി ബന്ധപ്പെട്ട് നടത്താറുള്ള പതിവ് കത്തിടപാട് മാത്രമാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. മറ്റ് ചർച്ചകളോ പരാമർശങ്ങളോ സംഭാഷണങ്ങളോ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാവർഷവും മാർച്ച് 23 ലാഹോർ പ്രമേയം പാസ്സായ ദിവസമാണ് പാകിസ്താൻ ദിനമായി പാക് ജനത ആഘോഷിക്കുന്നത്.1940ലാണ് പ്രമേയം പാസ്സാക്കിയത്.
കൊറോണ ബാധിതനായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ആശുപത്രിയിലാണ്. കഴിഞ്ഞയാഴ്ച ഇമ്രാൻഖാന് വേഗം അസുഖം മാറി പൊതുരംഗത്ത് തിരികെ എത്തട്ടേ എന്ന ആശംസ നരേന്ദ്രമോദി നേർന്നിരുന്നു. ഈ മാസം ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ തീരുമാനിച്ച് സൈനിക മേധാവികൾ എടുത്ത തീരുമാനം അന്താരാഷ്‌ട്ര തലത്തിൽ വലിയ അഭിനന്ദനമാണ് നേടിയിരിക്കുന്നത്. ഇന്നലെ അറബ് രാജ്യങ്ങൾ ഇന്ത്യയും പാകിസ്താനും സംയുക്തമായി മുൻകാലത്തേപോലെ വ്യാപാര ഇടനാഴി സജീവമാക്കണമെന്നും അഭ്യർത്ഥിച്ചിരിക്കുകയാണ്.
















Comments