കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങുകൾ ആരംഭിച്ചു. മമ്മൂട്ടി, പ്രിയദർശൻ, സിബി മലയിൽ, സുരേഷ് കുമാർ, നടൻ ദിലീപ്, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് ബറോസിന്റെ പൂജ ചടങ്ങിൽ പങ്കെടുത്തത്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ പൂജയും ഷൂട്ടിംഗും ആരംഭിച്ചത്.
രാജ്യാന്തര സിനിമയാണ് മോഹൻലാൽ സംവിധാനം ചെയ്യാനൊരുങ്ങുന്നതെന്ന് പൂജ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടി പറഞ്ഞു. ഒരുപാട് ഭാഷകൾ, നാടുകൾ, രാജ്യങ്ങളൊക്കെ കടന്ന് എല്ലാ ജനങ്ങളിലേക്കും എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയാണിതെന്ന് താൻ വിശ്വസിക്കുന്നുവെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. അമിതാഭ് ബച്ചൻ അടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. ബറോസിനൊപ്പമുള്ള തുടർ യാത്രകളിൽ അനുഗ്രഹമായി എല്ലാവരും ഒപ്പമുണ്ടാകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതായി മോഹൻലാൽ ഇന്നലെ പറഞ്ഞിരുന്നു.
മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകൾ. പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വർഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാർത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
https://www.facebook.com/ActorMohanlal
















Comments