മുംബൈ: മഹാരാഷ്‌ട്രയിൽ വലിയ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ് ഉദ്ധവ് താക്കറെ ഭരണകൂടം. മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപ്പിയോ കാറിലൂടെയാണ് ഇതിനെല്ലാം തുടക്കം കുറിക്കുന്നത്. മഹാരാഷ്‌ട്ര സർക്കാരിന്റെ എല്ലാ അഴിമതികളുടേയും ചുരുളഴിയുന്നതിന് സുപ്രധാന പങ്ക് വഹിച്ചതും ഈ സ്‌കോർപിയോയാണ്.
അംബാനിയ്‌ക്ക് നേരെയുണ്ടായ ഭീഷണി ഇപ്പോൾ എത്തിനിൽക്കുന്നത് സർക്കാരിനെതിയുള്ള അഴിമതി ആരോപണങ്ങളിലാണ്. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയുടെ അറസ്റ്റിലൂടെയാണ് വിവരങ്ങളെല്ലാം പുറത്തുവരുന്നത്. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ നിർദ്ദേശ പ്രകാരം ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകിയെന്നതാണ് ഒടുവിലത്തെ ആരോപണം.
വിവാദങ്ങളുടെ തോഴനാണ് അറസ്റ്റിലായ സച്ചിൻ ഹിന്ദുറാവു വാസെക്ക് എന്ന സച്ചിൻ വാസെ. 16 വർഷത്തെ സസ്‌പെൻഷന് ശേഷം ജോലിയിൽ തിരിച്ചെത്തി ഒൻപത് മാസം തികയും മുൻപാണ് വീണ്ടും അറസ്റ്റ്. 2002ൽ ഘാട്കൂപ്പർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ സോഫ്റ്റ് വെയർ എഞ്ചിനീയർ യൂനൂസിന്റെ കസ്റ്റഡിമരണത്തിൽ 2004ലാണ് സച്ചിൻ വാസെ ആദ്യമായി അറസ്റ്റിലാകുന്നത്. ഏറ്റുമുട്ടലിലൂടെ ഇതുവരെ കൊലപ്പെടുത്തിയത് 63 കുറ്റവാളികളേയും.
1990ലായിരുന്നു സബ് ഇൻസ്‌പെക്ടറായി സച്ചിൻ വാസെയുടെ പോലീസ് ജീവിതതതിന് തുടക്കം. രണ്ട് വർഷത്തിന് ശേഷം താനെയിലെത്തി. അവിടെവച്ചാണ് കുറ്റാന്വേഷകൻ എന്ന പേര് സച്ചിനെ തേടിയെത്തുന്നത്. ഛോട്ടാ രാജൻ സംഘത്തിലെ പ്രധാനിയായ മുന്ന നേപ്പാളി അടക്കം 63 പേരെയാണ് സച്ചിൻ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയത്.
2003ലാണ് സച്ചിൻ വാസെയുടെ കസ്റ്റഡിൽ വച്ച് ഖ്വാജ യൂനൂസ് മരിക്കുന്നത്. ഈ കേസിൽ 2004ൽ സച്ചിൻ വാസെയടക്കം നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സസ്‌പെൻഷനിലായ സച്ചിൻ വാസെയുടെ യൂനൂസ് കൊലപാതകക്കേസിന്റെ വിചാരണ ഇന്നും പൂർത്തിയായിട്ടില്ല. 2008ൽ ശിവസേനയിൽ ചേർന്ന സച്ചിൻ വാസെ കുറച്ചു നാൾ പാർട്ടിയിൽ പ്രവർത്തിച്ചു. ശേഷം ഗവേഷണം, പുസ്തകമെഴുത്ത്, തുടങ്ങിയ മേഖലകളിൽ സച്ചിൻ തിരക്കിലായി.
ശിവസേന അധികാരത്തിൽ വന്നതോടെയാണ് കഴിഞ്ഞ ജൂണിൽ സച്ചിനെ സർവ്വീസിൽ തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ച് യൂണിറ്റിലായിരുന്നു നിയമനം. അർണബ് ഗോസ്വാമിയ്‌ക്കെതിരായ കേസ് അന്വേഷിച്ചത് സച്ചിനായിരുന്നു. സച്ചിൻ വാസിനെതിരെ ഇന്നും അന്വേഷണം നടക്കുകയാണ്. ഏറ്റുമുട്ടൽ വിദഗ്ധൻ, സൈബർ വിഷയങ്ങളിൽ ജ്ഞാനി, എഴുത്തുകാരൻ, കുശാഗ്രബുത്തിക്കാരൻ എന്നീ വിശേഷങ്ങൾ ഉണ്ടെങ്കിലും എന്നും വിവാദങ്ങളുടെ തോഴനായിരുന്നു സച്ചിൻ വാസെ.
















Comments