പൂനെ: നിർണായക ഘട്ടങ്ങളിൽ യുവതാരങ്ങൾ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയപ്പോൾ വീണ് കിട്ടുന്ന അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. തോൽവിയിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപെട്ട ഇന്ത്യയെ മത്സരത്തിലേയ്‌ക്ക് തിരിച്ചെത്തിച്ചതിൽ ഒന്ന് കോഹ്ലിയുടെ അവിശ്വസനീയമായ ക്യാച്ചായിരുന്നു. നിർണ്ണായക ഘട്ടത്തിൽ ആദിൽ റഷീദിനെ പുറത്താക്കാൻ വിരാട് ഇടത്തേക്ക് പറന്നെടുത്ത ഇടംകയ്യൻ ക്യാച്ചാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്. സാം കറന്റെ വീറുറ്റ ചെറുത്തു നിൽപ്പിനൊപ്പം കൂട്ടായി നിന്ന റഷീദ് പുറത്തായില്ലായിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നാകുമായിരുന്നു.
ശർദ്ദൂലിന്റെ തന്ത്രപരമായ സ്ലോ ബോളിനെ പുള്ള് ചെയ്യാൻ ശ്രമിച്ച റഷീദിന്റെ ഷോട്ടാണ് ഇടത്തേക്ക് ആഞ്ഞുചാടി കോഹ്ലി ഒറ്റകൈകൊണ്ട് പിടിച്ചെടുത്തത്. ഷോർട്ട് കവർ ഏരിയയിൽ ഉണ്ടായിരുന്ന കോഹ്ലി ഇടത്തെ കയ്യിൽ ക്യാച്ച് ഭദ്രമാക്കുകയായിരുന്നു. പന്തുമായി ഇടതുകൈ നിലത്തുതൊട്ട് തറയിലേയ്‌ക്കു വീണിട്ടും ക്യാച്ച് കൈവിടാതെ കോഹ്ലി തന്റെ ഫീൽഡിംഗ് മികവ് പ്രകടമാക്കി.
നിർണ്ണായകമായ നാല് ക്യാച്ചുകൾ കൈവിട്ടാണ് ഇന്ത്യ ഇന്നലെ സ്വയം സമ്മർദ്ദത്തിലായത്. രണ്ടു തവണ ഹാർദ്ദിക് പാണ്ഡ്യയും ഓരോ തവണ വീതം ശർദ്ദൂൽ ഠാക്കൂറും ടി. നടരാജനും അനായാസമായ ക്യാച്ചുകൾ കൈവിട്ടു. അവസാന ഓവറിൽ നടരാജന്റെ കൃത്യതയാർന്ന യോർക്കറുകളും സ്ലോ ബോളുകളിലും റണ്ണെടുക്കാനാകാതെ സാം കറൻ വിഷമിച്ചതോടെ ഇന്ത്യ 7 റൺസിന്റെ ജയവും ഏകദിന പരമ്പരയും സ്വന്തമാക്കി.
















Comments