പാറ്റ്‌ന: ഭർത്താവിന് സർക്കാർ ജോലി ലഭിക്കാനായി ഭർത്താവിന്റെ അച്ഛനെ വധിച്ചതിന്റെ പേരിൽ മകന്റെ ഭാര്യ അറസ്റ്റിൽ. ബീഹാറിലെ ബറൗണിയിലാണ് സംഭവം. സതീഷ് ചൗധരിയെന്ന റെയിൽവേ ജീവനക്കാരനെയാണ് മകന്റെ ഭാര്യ സാക്ഷികുമാരി കൊട്ടേഷൻ സംഘത്തെക്കൊണ്ട് വധിച്ചത്. കഴിഞ്ഞയാഴ്ചയാണ് റെയിൽവേ ക്വാർട്ടേഴ്‌സിൽ സതീഷ് ചൗധരി വെടിയേറ്റ് മരിച്ചത്. ജോലികഴിഞ്ഞ് രാത്രി മടങ്ങുംവഴിയാണ് വെടിയേറ്റത്. റെയിൽവേയിൽ വൈദ്യുതി മേഖലയിലെ ഉദ്യോഗസ്ഥനായിരുന്നു സതീഷ്.
ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്ന അമ്മായിയച്ഛനെ മകന്റെ ഭാര്യയായ സാക്ഷികുമാരി ആസൂത്രിതമായി വധിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ജോലിയിലിരിക്കേ അമ്മായിയച്ഛൻ മരിച്ചാൽ തന്റെ ഭർത്താവിന് സർക്കാർ ജോലി ലഭിക്കുമെന്ന ചിന്തയാണ് വധത്തിലേക്ക് നയിച്ചത്. അമ്മായിയച്ഛനെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കിയാണ് കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. മകനുമായി യാതൊരു പ്രശ്‌നവും സതീഷിനില്ലായിരുന്നുവെന്നതാണ് പോലീസിന് സംശയം വർദ്ധിച്ചത്. സതീഷിന്റെ മകൻ മരണത്തിൽ പരാതി നൽകിയതും പോലീസിന്റെ അന്വേഷണം ശക്തമാക്കാൻ സഹായിച്ചു.
സതീഷിന്റെ മകന്റെ മൊഴിയാണ് പോലീസ് പരാതിയായി സ്വീകരിച്ച് അന്വേഷണം നടത്തിയത്. തുടർന്നാണ് സംശയം തോന്നി സാക്ഷികുമാരിയെന്ന മകന്റെ ഭാര്യയെ ചോദ്യം ചെയ്തത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ സാക്ഷികുമാരി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.കൊലയാളികളെ ഏർപ്പാടാക്കിയത് സാക്ഷികുമാരിയുടെ ആൺസുഹൃത്താണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പോലീസ് തുടരുകയാണ്.
















Comments