തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ കേരളവും ബംഗാളും പരസ്പരം അനുകരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇവിടെ സ്വർണം കടത്തിയെങ്കിൽ അവിടെ കൽക്കരി കടത്താണ്. ബംഗാളിൽ മാർക്‌സിസ്റ്റുകാരെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയ മമത അവരുടെ അക്രമവും അഴിമതിയും അതുപോലെ പിന്തുടരുകയാണ്. അവിടെ മമതയെ തോൽപ്പിച്ച് എൻഡിഎ അധികാരത്തിലേറും. ഇതുപോലെയൊരു മാറ്റമാണ് കേരള ജനതയും ആഗ്രഹിക്കുന്നതെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി.
കേരളത്തിൽ അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും എൽഡിഎഫും യുഡിഎഫും മത്സരിക്കുകയാണെന്നും നിർമ്മല സിതാരാമൻ പറഞ്ഞു. വിജയിക്കാനായി എന്ത് സംഘർഷം സൃഷ്ടിക്കാനും എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാനും ഇവർ തയ്യാറാണ്. കേരള ജനത ഈ രണ്ട് മുന്നണികളിൽ നിന്നും രക്ഷപെടാൻ ആഗ്രഹിക്കുന്നു. എൻഡിഎയിൽ അവർ ബദൽ കാണുന്നുണ്ടെന്നും നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പിൽ സൗഹൃദ മത്സരത്തിലാണ്. കോൺഗ്രസ് എൽഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്. യാതൊരു വ്യത്യാസവും ഇല്ലാതെ ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു. പാർലമെന്റിൽ ബിജെപിയ്‌ക്ക് കേരളത്തിൽ നിന്നൊരു പ്രതിനിധി പോലുമില്ല. എന്നിട്ടും അതിന്റെ യാതൊരു കുറവും കേന്ദ്രസർക്കാർ വരുത്തിയിട്ടില്ല. അർഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് നൽകുന്നുണ്ട്. ഇത് തിരിച്ചറിയുന്ന കേരള ജനത അതിനാലാണ് എൻഡിഎയിൽ ബദൽ കാണുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതിനെതിരേയും നിർമ്മല സീതാരാമൻ പ്രതികരിച്ചു. കേസ് അട്ടിമറിയ്‌ക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. തങ്ങൾക്കെതിരെ അന്വേഷണം വരുമ്പോൾ മാർക്‌സിസ്റ്റ് സർക്കാരുകൾ മുമ്പും ഇത്തരം ഗിമ്മിക്കുകൾ കാട്ടിയിട്ടുണ്ട്. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് തെറ്റിദ്ധാരണ പടർത്താനാണ് ഇഡിക്കെതിരെ കേസെടുത്തത്. നിയമത്തെ ഭയമുള്ളവരാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
















Comments