കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നതായി സൂചന. പാർക്കിംഗ് ഏരിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
സെക്യൂരിറ്റി ജീവനക്കാർ തോക്ക് കണ്ടെടുക്കുന്നതിന് മുൻപ് ട്രോളി പാർക്കിംഗ് ഏരിയയിൽ ഉണ്ടായിരുന്നു. നാല് പേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവ ദിവസം മാളിൽ എത്തിയവരുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതിനിടെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ആലുവയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത വൃദ്ധനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവവുമായി വൃദ്ധന് ബന്ധമില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് വിട്ടയച്ചത്. തോക്കും വെടിയുണ്ടകളും അടങ്ങിയ പൊതി മറ്റാരോ ട്രോളിയിൽ ഉപേക്ഷിച്ചതാകാമെന്നും ഇതറിയാതെ വൃദ്ധൻ ട്രോളി ഉപയോഗിച്ചതാകാമെന്നുമാണ് നിലവിലത്തെ നിഗമനം.
ശനിയാഴ്ച ഉച്ചയോടെയാണ് ലുലു മാളിലെ ഗ്രൗണ്ട് ഫേ്‌ലാറിൽ ട്രോളിയിൽ നിന്ന് തോക്കും വെടിയുണ്ടകളും അടങ്ങിയ പൊതി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ട്രോളിയ്‌ക്കുള്ളിൽ തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിലായിരുന്നു തോക്കും അഞ്ച് തിരികളും. സംഭവത്തിൽ പോലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments