കൊൽക്കത്ത: പശ്ചിമബംഗാളിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ റെക്കോഡ് വോട്ടിംഗ്. ആദ്യത്തെ അഞ്ചുമണിക്കൂറിൽ മാത്രം 35 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു.രാവിലെ 7 മണിമുതൽ തന്നെ നല്ല തിരക്കാണ് ഗ്രാമീണ മേഖലയിലും നഗരങ്ങളിലും കാണുന്നത്.
പോളിംഗ് ശതമാനം കൂടുന്നത് ബി.ജെ.പി തരംഗത്തിന്റെ പ്രതിഫലമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദുലീപ് ഘോഷ് പറഞ്ഞു. മമതാ ബാനർജിയുടെ കിരാത ഭരണത്തി നെതിരെ ഭയപ്പെട്ടിരുന്ന ജനതയല്ല ഇന്നുള്ളതെന്നും ജനങ്ങൾ വീടിന് പുറത്തിറങ്ങി അഴിമതിയ്‌ക്കും അക്രമത്തിനും എതിരായ അവരുടെ നയം വോട്ടിലൂടെ രേഖപ്പെടു ത്തുകയാണെന്നും ഘോഷ് പറഞ്ഞു.
പശ്ചിമബംഗാളിലെ മൂന്നാം ഘട്ടത്തിൽ 31 സീറ്റുകളിലേക്കുള്ള വോട്ടിംഗാണ് നടക്കുന്നത്. മൂന്ന് ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഹൂഗ്ലിയിലെ എട്ട് മണ്ഡലങ്ങളിലേയും ഹൗറയിലെ ഏഴ് മണ്ഡലങ്ങളിലേയും സൗത്ത് 24 പർഗാനാസിലെ 16 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 205 സ്ഥാനാർത്ഥികളാണ് വോട്ട് തേടുന്നത്. മണ്ഡലങ്ങളിലെ സുരക്ഷയ്‌ക്കായി 832 കമ്പനി സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.
പലയിടത്തുമുള്ള സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് എട്ടു ഘട്ടമാക്കാൻ കമ്മീഷൻ തീരുമാനമെടുത്തത്. രണ്ടാം ഘട്ടത്തിൽ മമതാബാനർജിയും എതിരാളി എൻ.ഡി.എ സ്ഥാനാർത്ഥി സുവേന്ദു അധികാരി അടക്കമുളളവരാണ് ജനവിധി തേടിയത്. ഇരുവരും മത്സരിച്ച നന്ദിഗ്രാമിൽ ഉൾപ്പെടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കുറി ഇരട്ടി ജാഗ്രതയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുലർത്തുന്നത്.
















Comments