പരീക്ഷ ജീവിതത്തിന്റെ അവസാനമല്ല, അവസരമാണ്; വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി : പരീക്ഷ ജീവിതത്തിന്റെ അവസാനമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരീക്ഷ പേ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ ഒരിക്കലും സമ്മർദ്ദം നൽകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്തിടെയായി പരീക്ഷയുടെ ഫലം അനുസരിച്ച് കുട്ടികളെ വിലയിരുത്തുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. മാർക്ക് ഒഴിച്ചു നിർത്തിയാൽ മാതാപിതാക്കൾ ശ്രദ്ധിക്കാത്ത പലതും കുട്ടികളിലുണ്ട്. ജീവിതത്തിൽ മുന്നേറാനുള്ള അവസരമാണ് പരീക്ഷ. പരീക്ഷയെ ജീവിതമോ മരണമോ എന്ന ചോദ്യമായി കാണുമ്പോഴാണ് പ്രശ്‌നമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പരീക്ഷ എന്താണെന്ന് നിങ്ങൾക്ക് അറിയാം. പരീക്ഷകൾ പെട്ടെന്ന് ഉണ്ടാകുന്നതല്ല. അതിനർത്ഥം പേടിക്കാനുള്ളതല്ല പരീക്ഷകൾ എന്നാണ്. പരീക്ഷയാണ് എല്ലാം എന്നുള്ള അന്തരീക്ഷമാണ് നിങ്ങൾക്കു ചുറ്റും ഉണ്ടാക്കിയിരിക്കുന്നത്. ചില നേരങ്ങളിൽ രക്ഷിതാക്കൾ, സ്‌കൂൾ, ബന്ധുക്കൾ എന്നിവരും ഇങ്ങിനെയൊരു അന്തരീക്ഷം സൃഷ്ടിക്കും.

എല്ലാവരോടും, പ്രത്യേകിച്ച് രക്ഷിതാക്കളോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. അതിരുകടന്നുള്ള ചിന്തകളെക്കുറിച്ച് എന്നും ബോധവാന്മാരാകണം. പരീക്ഷകൾ ജീവിതത്തിന്റെ അവസാനമല്ല. ജീവിതം നീണ്ടു കിടക്കുന്ന ഒന്നാണ്. വിദ്യാർത്ഥികൾക്ക് ഒരിക്കലും സമ്മർദ്ദം നൽകരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നമ്മുടെ ലൈഫിലെ ഒഴിവു സമയങ്ങളും അവസരങ്ങളാണ്. ഒഴിവു സമയങ്ങൾ ഇല്ലെങ്കിൽ ജീവിതം വിരസമാകും. ഒഴിവു സമയങ്ങളിൽ സന്തോഷം നൽകുന്നതെല്ലാം ചെയ്യാം. സമയമുള്ളപ്പോൾ എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ച് എല്ലായ്‌പ്പോഴും ധാരണ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
Leave a Comment