ലക്നൗ : രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ച് ഉത്തർപ്രദേശ് സർക്കാർ. കൂടുതൽ പേർക്ക് ടെസ്റ്റുകൾ നടത്താൻ കഴിയുന്ന വിധമാണ് നിരക്ക് കുറച്ചത്. സ്വകാര്യലാബുകളിൽ ഇനി 700 രൂപയ്‌ക്ക് ആർടിപിസിആർ ടെസ്റ്റ് നടത്താമെന്ന് സർക്കാർ വ്യക്തമാക്കി.
രോഗിയുടെ വീട്ടിൽ പോയി സാമ്പിളെടുത്ത് ടെസ്റ്റ് ചെയ്യണമെങ്കിൽ 900 രൂപയാണ് നിരക്ക്. ഇതിൽ കൂടുതൽ വാങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ദിവസം ഒരു ലക്ഷം ടെസ്റ്റുകളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ് ആരോഗ്യ അഡീഷണൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് ആണ് ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം കൊറോണ വ്യാപനം രൂക്ഷമായ ജില്ലകളിൽ പൂർണ ലോക് ഡൗൺ ഏർപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. സംസ്ഥാനം മുഴുവൻ ദീർഘനാൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും എന്നാൽ ഗുരുതരമായ മേഖലകളിൽ ഇതിനെപ്പറ്റി ആലോചിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
















Comments