ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അഭിനന്ദനം. ലഡാക്കിലെ അടിയന്തിര സാഹചര്യത്തിൽ അവസരത്തിനൊത്ത് ഉയർന്നതിനാണ് അഭിനന്ദനം. ഇന്ത്യൻ നാവിക സേന ലഡാക്കിലേക്ക് അതിവേഗമാണ് നീങ്ങിയത്. താവളം തയ്യാറാക്കുകയും കരസേനയ്‌ക്ക് അനിവാര്യമായ സഹായം തീർക്കുകയും ചെയ്തത് രാജ്യം അഭിമാനത്തോടെയാണ് കാണുന്നത്. മാത്രമല്ല ഭാവിയിലേക്കുള്ള എല്ലാ സംവിധാനങ്ങളേയും ആധുനികമായി പരിവർത്തനം ചെയ്യാനും വ്യോമസേനയ്‌ക്കായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ വ്യോമസേന വർഷത്തിൽ രണ്ടുതവണ നടത്തുന്ന കമാൻഡർമാരുടെ യോഗത്തിലാണ് പ്രതിരോധ മന്ത്രി ആശംസകളർപ്പിച്ച് സംസാരിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായിരുന്ന മാർഷൽ അർജ്ജൻ സിംഗിന്റെ ജന്മവാർഷിക അനുസ്മരണവും കേന്ദ്രമന്ത്രി നടത്തി.
രാജ്യത്തെ എല്ലാ സന്നിഗ്‌ദ്ധ ഘട്ടത്തിലും വ്യോമസേന സഹായവുമായി രംഗത്തുണ്ട്. കൊറോണ പ്രതിരോധത്തിലും അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്‌ട്ര തലത്തിൽ ഭാരതത്തിന്റെ പ്രതിരോധ രംഗത്തെ മുൻഗണന അത്‌ലാന്റി്ക്കിൽ നിന്നും പസഫിക്കിലേക്ക് മാറിയ സാഹചര്യം രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. ഈ മേഖലയിൽ നാവിക-വ്യോമസേനാ വിഭാഗങ്ങൾ വഹിക്കേണ്ട പങ്കും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു.
പ്രതിരോധ രംഗത്ത് ആത്മനിർഭരത നേടുന്നു എന്നതാണ് ഇന്ത്യ സമീപകാലത്ത് കൈവരിച്ചിരിക്കുന്ന നേട്ടം. ഇന്ത്യൻ നിർമ്മിത യുദ്ധവിമാനങ്ങളുടെ പ്രവർത്തനത്തിലും അറ്റകുറ്റപ്പണികളിലും വ്യോമസേന സൈനികർ കൂടുതൽ വൈദഗ്ധ്യം നേടണമെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു. ആത്യാധുനികമായ യുദ്ധ സാഹചര്യമാണ് ഇന്നുള്ളത്. ആയുധം പോലും എടുക്കാനാവാത്ത വിധം ശത്രുവിനെ സൈബർ ആക്രമണത്തിലൂടേയും ഇലക്‌ട്രോണിക് സാങ്കേതിക വിദ്യയിലൂടേയും ഉപഗ്രഹ സംവിധാനത്തിലൂടേയും തളർത്തുന്ന രംഗമാണ് നമുക്ക് മുന്നിലുള്ളതെന്നും രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു.
Comments