ലണ്ടൻ: ബാങ്ക് തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദി ഉടൻ ഇന്ത്യയിലേക്ക്. നീരവിനെ ഇന്ത്യയ്‌ക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി. ഇന്ത്യയിലേക്ക് നാടു കടത്താൻ നിർദ്ദേശം നൽകുന്ന ഉത്തരവിൽ യുകെ ആഭ്യന്തരമന്ത്രി ഒപ്പുവെച്ചു. അതേസമയം നീരവ് മോദിയ്‌ക്ക് ഇപ്പോഴും ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള അവസരവും ഉണ്ട്.
നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അംഗീകരിച്ചിരുന്നു. പിന്നാലെയാണ് സർക്കാരിന്റെ നീക്കം. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ചുവെന്ന് ശരിവച്ച കോടതി നീരവ് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ചുവെന്നും വ്യക്തമാക്കിയികുന്നു. കൂടാതെ നിഴൽ കമ്പനികൾ ഉണ്ടാക്കിയെന്ന വാദവും കോടതി അന്ന് അംഗീകരിച്ചിരുന്നു.
നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരി പൂർവ്വി മോദിയുടെ അക്കൗണ്ടിലെത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആരോപിക്കുന്നു. വൻകിട ബിസിനസുകാർക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികൾ സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് രേഖകൾ ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയത്.
















Comments