ആലപ്പുഴ: പേടിപ്പിക്കുന്ന ശബ്ദവുമായി നഗരത്തിലൂടെ ചീറിപ്പാഞ്ഞ കാറിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തി അന്തരീക്ഷ, ശബ്ദ മലിനീകരണമുണ്ടാക്കിയ ആഡംബര കാറാണ് ആർടിഒ പിടിച്ചെടുത്തത്. ആമ്പലപ്പുഴ സ്വദേശിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.
കാറിന്റെ സൈലൻസർ മാറ്റിയ ശേഷം മറ്റൊരു കമ്പനിയുടെ സൈലൻസർ ഘടിപ്പിക്കുകയായിരുന്നു. ഇതോടെ കാർ ഓടുമ്പോൾ ജനങ്ങളെ ഭയപ്പെടുത്തുന്ന ശബ്ദമായിരുന്നു പുറത്തുവന്നത്. ശല്യം സഹിക്കാതെ വന്നതോടെയാണ് നാട്ടുകാർ പരാതി നൽകാൻ തീരുമാനിച്ചത്. പരാതിയെ തുടർന്ന് ആർടിഒ അധികൃതർ യുവാവിന്റെ വീട്ടിലെത്തിയാണ് കാർ പിടികൂടിയത്.
അധികൃതർ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമായ രീതിയിൽ അമിതമായ പുക കാർ പുറത്തേയ്‌ക്ക് തള്ളുന്നുണ്ട്. കൂടാതെ കാറിന് പുക പരിശോധന സർട്ടിഫിക്കറ്റും ഇല്ലായിരുന്നു. കാറിന്റെ ഗ്ലാസുകളിൽ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി കറുത്ത സ്റ്റിക്കർ പതിച്ച നിലയിലുമായിരുന്നു.
18500 രൂപ പിഴ കാർ ഉടമയായ യുവാവിൽ നിന്നും ഈടാക്കിയതായാണ് റിപ്പോർട്ട്. കാർ വർക്ക് ഷോപ്പിലേക്ക് മാറ്റിയതായി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. വാഹനം പഴയരീതിയിലാക്കി ഹാജരാക്കാൻ യുവാവിന് പത്ത് ദിവസത്തെ സമയവും അധികൃതർ നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
















Comments