മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പോരാട്ടങ്ങൾക്ക് യൂറോപ്പിൽ ഇന്ന് തുടക്കം. രണ്ടു പാദങ്ങളിലായി നടക്കുന്ന തരത്തിലാണ് സെമിഫൈനലുകളും തീരുമാനിച്ചിരിക്കുന്നത്. ആദ്യ സെമിയിൽ ഇന്ന് സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയും ഏറ്റുമുട്ടും.രണ്ടാം സെമിയിൽ വ്യാഴാഴ്ച ഫ്രഞ്ച് ലീഗിലെ ഉശിരന്മാരായ പി.എസ്.ജിയും ഇംഗ്ലീഷ് ചാമ്പ്യൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയും പോരാടും.
ക്വാർട്ടറിൽ റയൽ തോൽപ്പിച്ചത് ലിവർപൂളിനെയാണ്. രണ്ടുപാദങ്ങളിലായി 1-3നാണ് ലിവർപൂൾ അടിയറ പറഞ്ഞത്. ചെൽസി എഫ്.സി പോർട്ടോയെയാണ് ക്വാർട്ടറിൽ മറികടന്നത്. 2-1നാണ് നീലപ്പട സെമിസ്ഥാനം ഉറപ്പിച്ചത്.
ചെൽസിയും റയലും ഇതിന് മുമ്പ് നാലു തവണയാണ് കൊമ്പുകോർത്തിട്ടുള്ളത്. ചെൽസിക്കിത് 8-ാം സെമിയും റയലിന്റെ 14-ാം സെമിയുമാണ്. 1971ൽ ഇരുവരും ‘ കപ്പ് വിന്നേഴ്‌സ് കപ്പ് ‘ ഫൈനലിൽ ഏറ്റുമുട്ടിയതിൽ ആകെ 3-2ന് ചെൽസിയാണ് കിരീടം ചൂടിയത്. 1998ൽ ഇരുവരും യുവേഫാ സൂപ്പർ കപ്പിൽ ഏറ്റുമുട്ടിയപ്പോഴും ജയം ചെൽസിക്കൊ പ്പമായിരുന്നു. യുവേഫാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ യൂറോപ്പും ബ്രിട്ടീഷ് ക്ലബ്ബുകളും തമ്മിൽ നടക്കുന്ന 163-ാമത്തെ മത്സരമാണ് ഇന്നുള്ളത്.
Comments