കൊച്ചി: ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍റെ ലുക്ക്ഔട്ട് നോട്ടീസ് ആണ് പൊലീസും റെയിൽവേയും പുറത്തിറക്കിയത്.
പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഏഴു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നത്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തിന് റെയിൽവേ പോലീസും രൂപം നൽകിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
പ്രതിയുടെ ചിത്രം സഹിതമുള്ള അറിയിപ്പ് റെയിൽവെ സാമൂഹിക മാദ്ധ്യ മങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. ഇയാളുടെ ഒരു കണ്ണ് ഭാഗികമായി കേടായതിനാൽ പൂർണമായി തുറക്കാൻ കഴിയാത്ത നിലയിലാണെന്നതാണ് അന്വേഷണ സംഘം നൽകുന്ന പ്രധാന അടയാളം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റെയിൽവെ പോലീസിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.
ആക്രമണത്തിനിടെ രക്ഷപ്പെടാനായി യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പ്രാണരക്ഷാർഥം ചാടുകുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ യുവതി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ കഴുത്തിനും തലയ്‌ക്കും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ട്. റെയിൽവെ പോലീസ് എസ്പി എസ്.രാജേന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ക്രിസ്പിൻ സാം ആണു കേസ് അന്വേഷിക്കുന്നത്.
യുവതിയുടെ കൈയിൽ നിന്നു പ്രതി പിടിച്ചു വാങ്ങി പുറത്തെറിഞ്ഞ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി. ഫോൺ ഫൊറൻസിക് പരിശോധനയ്‌ക്കു വിധേയമാക്കും. സംഭവം നടന്ന ട്രെയിനിന്റെ ഡി9 കോച്ച് തിരുവനന്തപുരത്തെത്തിച്ചു ഫൊറൻസിക് പരിശോധന നടത്തി. യുവതി ട്രെയിനിൽ നിന്നു വീണ കാഞ്ഞിരമറ്റം, പിറവം റോഡ് സ്റ്റേഷനുകൾക്കിടയിലെ ഒലിപ്പുറം റെയിൽവേ ക്രോസിനു സമീപത്തു ഫൊറൻസിക് ഉദ്യോഗസ്ഥരടക്കമുള്ള അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു. ഒലിപ്പുറം ലക്ഷംവീട് കോളനി ഭാഗത്തെ 25–ാം നമ്പർ വൈദ്യുതി പോസ്റ്റിനു സമീപത്താണു യുവതി വീണത്. ഇവിടെ യുവതിയുടെ മുടിയും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.
Comments