പാലക്കാട്: പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം. ഓക്സിജൻ ലഭിക്കാതെ വന്നാൽ രോഗികളുടെ നില ഗുരുതരമാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. കളക്ടറോ, ഡിഎംഒയോ ഇടപെട്ട് എത്രയും വേഗം ഓക്സിജൻ ലഭ്യമാക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
ജില്ലയിൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാണെങ്കിലും ജില്ലാ ഭരണകൂടം വിതരണത്തിൽ കാണിക്കുന്ന
അലംഭാവമാണ് ഓക്സിജൻ ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇതിനോടകം ജില്ലയിലെ നിരവധി ആശുപത്രികൾ ഓക്സിജൻ ആവശ്യപ്പെട്ടെത്തിയിട്ടുണ്ട്. പാലക്കാട്ടെ കഞ്ചിക്കോട് പ്ലാന്റിൽ നിന്നാണ് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും ഓക്സിജൻ എത്തിയ്ക്കുന്നത്.
പാലന ആശുപത്രിയിൽ നാല് മണിക്കൂറിലേക്കുള്ള ഓക്സിജൻ മാത്രമെ ശേഷിക്കുന്നുള്ളൂ. നിലവിൽ 60 രോഗികൾ ഇവിടെ ചികിത്സയിലുണ്ട്. ഒറ്റപ്പാലത്തെ പികെ ദാസ് ആശുപത്രിയിൽ ഇന്നലെ രാത്രി തന്നെ ഓക്സിജൻ തീർന്നിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഓക്സിജൻ റീഫിൽ ചെയ്യാൻ ആശുപത്രി അധികൃതർക്ക് സാധിച്ചത്.
അതിനിടെ ഓക്സിജൻ ക്ഷാമമുണ്ടായ പശ്ചാത്തലത്തിൽ ജില്ലയിൽ ഡിഎംഒ അക്കമുള്ളവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തു. ഓക്സിജൻ ക്ഷാമമുള്ള ആശുപത്രികളിൽ അടിയന്തിരമായി ഓക്സിജൻ എത്തിയ്ക്കുമെന്നും പ്രശ്ന പരിഹാര നടപടികൾ തുടങ്ങിയതായും ജില്ലാ കളക്ടർ അറിയിച്ചു.
















Comments