മനുഷ്യരുടെ കണ്ണില്‍പ്പെടാതെ കഴിഞ്ഞ ഭീമാകാരമായ നിശാശലഭത്തെ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലുള്ള മൗണ്ട് കോട്ടന്‍ സ്‌കൂളിന് വേണ്ടി പുതിയ ക്ലാസ്മുറികള്‍ പണിയുന്നതിനിടെയാണ് ജയന്റ് വുഡ് മോത്ത് എന്നറിയപ്പെടുന്ന ഈ നിശാശലഭത്തെ കണ്ടെത്തിയത്. എന്‍ഡോക്‌സില സിനേറ എന്നാണ് ജയിന്റ് വുഡ് മോത്തുകളുടെ ശാസ്ത്രനാമം. ചിറകുകള്‍ വിരിച്ച നിലയില്‍ 25 സെന്റീമീറ്റര്‍ നീളവും 30 ഗ്രാം ഭാരവുമാണ് നിശാശലഭത്തിനുള്ളത്. ചിറകുകള്‍ ഉണ്ടെങ്കിലും ശരീര ഭാരം മൂലം ഇവയ്‌ക്ക് മറ്റുള്ളവയെ പോലെ പറന്നു നീങ്ങാന്‍ സാധിക്കില്ല.
ജയന്റ് വുഡ് മോത്തുകളിലെ പെണ്‍ വര്‍ഗത്തിനാണ് വലുപ്പക്കൂടുതല്‍. ആണ്‍ വര്‍ഗങ്ങള്‍ക്ക് ഇവയുടെ നേര്‍പകുതി വലുപ്പം മാത്രമേ ഉണ്ടാവാറുള്ളൂ. ഇങ്ങനെയൊക്കെയാണെങ്കിലും ഇവയുടെ ആയുസ്സ് വളരെ കുറവാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ശേഷം ഏതാനും ദിവസങ്ങള്‍ മാത്രമേ ഇവ ജീവിക്കൂ. ഇണചേര്‍ന്ന ശേഷം മുട്ടയിടുന്നതോടെ ചത്തു പോവുകയാണ് പതിവ്. ക്വീന്‍സ്ലന്‍ഡിലും ന്യൂസൗത്ത് വെയില്‍സിലുമായി ഇവ ജീവിക്കുന്നുണ്ടെങ്കിലും മനുഷ്യരുടെ കണ്ണില്‍ പെടുന്നത് അപൂര്‍വമാണ്.
നിശാശലഭത്തിന്റെ ചിത്രങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പങ്കുവെച്ചു. അതോടെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിനെ കുറിച്ചുള്ള അന്വേഷണങ്ങളും തേടിയെത്തി. ഇതോടെ വിശദാംശങ്ങള്‍ തേടി സ്‌കൂളിനെ ക്വീന്‍സ്ലന്‍ഡിലെ വിദ്യാഭ്യാസ വകുപ്പ് സമീപിക്കുകയും ചെയ്തു. ക്വീന്‍സ്ലന്‍ഡിലെ മഴക്കാടിനോടു ചേര്‍ന്നാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ടര്‍ക്കികളും വാലബികളും കോലകളും പാമ്പുകളുമടക്കം പലയിനം ജീവികളെയും സ്‌കൂള്‍ പരിസരത്ത് കണ്ടെത്തുന്നത് സാധാരണമാണ്.
Comments