സ്വന്തം പേരില്‍ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുളളത്. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ പേരില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ചിക്കാഗോയിലെ നേപര്‍വില്‍ സ്വദേശിയായ എറിക് ക്ലാബെല്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്‍. വീട്ടിലും മറ്റുമുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പലരും പലതരത്തിലുള്ള കരകൗശല വസ്തുക്കള്‍ നിര്‍മിക്കാറുണ്ട്.
അത്തരത്തില്‍ ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ച് ടവറുണ്ടാക്കിയാണ് എറിക് ക്ലാബെല്‍ എന്ന മിടുക്കന്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. തന്റെ ഒഴിവ് സമയങ്ങള്‍ ക്രിയാത്മകമായി വിനിയോഗിച്ചാണ് എറിക് അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 20.20 അടി നീളമുണ്ട് എറിക് നിര്‍മിച്ച ടവറിന്. 1750 സ്റ്റിക്കുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ടവറിന്റെ നിര്‍മാണം. കൃത്യമായ അനുപാതത്തില്‍ ഓരോ സ്റ്റിക്കും പരസ്പരം ചേര്‍ത്തുവെച്ചു.
പശവെച്ച് ഒട്ടിക്കുകയും ചെയ്തതോടെ ടവര്‍ പൂര്‍ത്തിയായി. ഒരു മാസംകൊണ്ടാണ് ടവറിന്റെ നിര്‍മാണം എറിക് പൂര്‍ത്തിയാക്കിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഈ ടവര്‍ സ്വന്തമാക്കിയിരിക്കുന്നത്. മുന്‍പ് പലര്‍ക്കും വ്യത്യസ്തങ്ങളായ നിര്‍മിതികള്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്സ് കിട്ടുമ്പോള്‍ അതെല്ലാം കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ട് ഈ മിടുക്കന്‍. അങ്ങനെയാണ് ഒരു റെക്കോര്‍ഡ് സ്വന്തമാക്കണമെന്ന ആഗ്രഹം ഉണ്ടായതും. റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എറിക് ക്ലാബെല്‍.
Comments