ഭുവനേശ്വര്‍: കൊറോണ ചികിത്സയുടെ പേരില്‍ നടക്കുന്ന കഴുത്തറുപ്പന്‍ ചിലവുകളും ദരിദ്രര്‍ക്ക് സേവനം നല്‍കാതിരിക്കലും ഇല്ലായ്മചെയ്യാന്‍ കര്‍ശന നടപടിയെടുത്ത് ഒഡീഷ ഭരണകൂടം. മുഖ്യമന്ത്രി നവീന്‍ പട്നായികാണ് സ്വകാര്യ ആശുപത്രികളിലെ സേവനങ്ങളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നേരിട്ട് ചുമതലപ്പെടുത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ പണം വാങ്ങുകയോ ചികിത്സാ സംവിധാനത്തില്‍ അലംഭാവം വരുത്തുകയോ ചെയ്താല്‍ ആശുപത്രി പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് പട്നായിക്.
‘എല്ലാ സ്വകാര്യ ആശുപത്രികളേയും സസൂക്ഷമം നിരീക്ഷിച്ചുകൊണ്ടിരിക്കണം. സര്‍ക്കാര്‍ തീരുമാനിച്ച തുകക്കും മുകളില്‍ ഒരു ചികിത്സാ ചിലവുകളും പോകാന്‍ അനുവദിക്കരുത്. ആശുപത്രിക്കെതിരായ പരാതികള്‍ അതാത് ആശുപത്രി ശ്രദ്ധിക്കുന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് പരിശോധിച്ച് ജില്ല കളക്ടര്‍മാരെ അറിയിക്കണം. ഏതു തരം അലംഭാവത്തിനും ആശുപത്രി മാനേജ്മെന്‍റായിരിക്കും പൂര്‍ണ്ണ ഉത്തരവാദി.’ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് വ്യക്തമാക്കി.
ഒഡീഷ കൊറോണ രോഗികളുടെ പരിശോധന, ചികിത്സ, താമസം, മരുന്നുകള്‍ എല്ലാം സൗജന്യമാണ്. ഇത് ഒരു ദുരന്ത നിവാരണ പ്രവര്‍ത്തനമാണ്. സര്‍ക്കാറിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വമാണിത്. ഇതിന്‍റെ സഹായത്തിനായി എല്ലാ സന്നദ്ധസംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളാവണം. എന്നാല്‍ മാത്രമേ ജനലക്ഷങ്ങളിലേയ്‌ക്ക് വൈകാതെ സഹായമെത്തുകയുള്ളു എന്നും പട്നായിക് ഓര്‍മ്മിപ്പിച്ചു.
Comments