ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പോലീസ് സേനയ്‌ക്ക് കരുത്തേകി കവചിത വാഹനം. റെയ്ഡുകള്‍ക്ക് പോകുമ്പോള്‍ ഭീകരാക്രമണത്തില്‍ നിന്നും രക്ഷനേടാനായിട്ടാണ് വാഹനം നല്‍കുന്നത്. അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് കവചിത വാഹനം സജ്ജീകരിച്ചിട്ടുള്ളത്. ജമ്മുകശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ് ജമ്മുമേഖലാ പോലീസ് മേധാവി മുകേഷ് സിംഗിന് വാഹനം കൈമാറി. ജമ്മുകശ്മീരില്‍ ഭീകരര്‍ക്കായുള്ള നിരന്തരമായ തിരച്ചിലില്‍ പോലീസ് സേനയാണ് ആദ്യം രംഗത്തിറങ്ങുന്നത്. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് സി.ആര്‍.പി.എഫ് മുന്നേറുന്നത്.
മൂന്ന് ഘട്ടങ്ങളിലായി വൈദ്യുതി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിധമാണ് വാഹനം തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ എത്ര ആക്രമണമുണ്ടായാലും എല്ലാ വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തിക്കുമെന്ന് സൈന്യം അറിയിച്ചു. വാഹനത്തിന് അകത്തിരുന്ന് വെടിയുതിര്‍ക്കാനുള്ള സംവിധാനവും നിരീക്ഷണത്തിനായി ദൂരദര്‍ശിനികളുമുണ്ട്. പുറമേ നിന്നും വെടിയേല്‍ക്കാതിരിക്കാനും ഗ്രനേഡുകള്‍ പൊട്ടിയാല്‍ തകരാത്ത വിധം ഉറപ്പുള്ളതാണ് വാഹനമെന്നും സൈന്യം അറിയിച്ചു.
വാഹനത്തിനകത്തെ നിരീക്ഷണ അറിയിലിരുന്നാല്‍ ചുറ്റുമുള്ളതെല്ലാം കാണാനാകും. ഒപ്പം റെയ്ഡ് നടക്കുന്ന എല്ലാ മേഖലയിലേക്കും ശക്തമായി പ്രകാശം ചൊരിയുന്ന ലൈറ്റുകളും എല്ലാ ദൃശ്യങ്ങളും പകര്‍ത്താനാവുന്ന സി.സി.ടി.വി ക്യാമറകളും വാഹനത്തിന്‍റെ പ്രത്യേകതയാണ്. ഉള്‍ഗ്രാമങ്ങളിലെ തിരച്ചിലിന് സഹായമാകുന്ന വിധം ഒരു ജനറേറ്ററും വാഹനത്തിലുണ്ട്.
















Comments