ന്യൂയോർക്ക്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ന്യൂയോർക്കിലെത്തി. കൊറോണ പ്രതിരോധപ്രവർത്തനത്തിൽ അമേരിക്കയുമായുള്ള സഹകരണം വേഗത്തിലാക്കാനാണ് അടിയന്തിര സന്ദർശനം. ജയശങ്കറിനെ ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി, അമേരിക്കയിലെ സ്ഥാനപതി തരൺ ജീത് സിംഗ് സന്ധു എന്നിവർ ചേർന്ന് സ്വീകരിച്ചു. അമേരിക്കൻ ഭരണകൂടവുമായുള്ള നിരവധി ചർച്ചകളിൽ ഇന്നുമുതൽ വിദേശകാര്യമന്ത്രി പങ്കെടുക്കും.
അമേരിക്ക ഇന്ത്യക്ക് നൽകിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ സഹായങ്ങൾ കൂടുതൽ കാര്യക്ഷമമാക്കലാണ് പ്രധാന ലക്ഷ്യം. ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം തീരുമാനിച്ചിട്ടുള്ളത്. തുടർന്ന് അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും നിരവധി ചർച്ചകൾ നടത്തും. ഈ മാസം 28-ാം തിയതി വരെ ജയശങ്കർ അമേരിക്കയിൽ തുടരും.
കൊറോണ വ്യാപനം ഇന്ത്യയിൽ ശക്തമായ ഉടനെ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ നേതൃത്വത്തിലാണ് അടിയന്തിര സഹായങ്ങളെത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചയ്‌ക്കിടെ നാല് വിമാനങ്ങളിലാണ് ഓക്‌സിജനും അനുബന്ധ ഉപകരണങ്ങളും എത്തിച്ചത്. ഇനി ഇന്ത്യയിലേക്ക് വാക്‌സിൻ എത്തിക്കുന്ന കാര്യത്തിലാണ് അന്തിമതീരുമാനം എടുക്കാനുള്ളത്. ഇന്ത്യക്ക് 6 കോടി വാക്‌സിനെങ്കിലും എത്തിക്കണമെന്ന് ഇന്ത്യൻ വംശജരായ അമേരിക്കൻ ജനപ്രതിനിധികൾ ജോ ബൈഡനോട് അഭ്യർത്ഥിച്ചിരുന്നു. ഒപ്പം ഇരുരാജ്യ ങ്ങളിലെ ഫാർമസികൾ സംയുക്തമായി വാക്‌സിൻ നിർമ്മിക്കുന്ന കാര്യവും പരിഗണനയിലാണ്.
















Comments