ന്യൂഡൽഹി: ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അദ്ധ്യക്ഷനാകുന്ന യോഗത്തിൽ റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ മന്ത്രിമാരും പങ്കെടുക്കും. വെർച്വൽ സംവിധാനത്തിലാണ് യോഗം നടക്കുന്നത്.
കൊറോണ പ്രതിരോധം, ആഗോളതലത്തിലെ വാണിജ്യപ്രതിസന്ധി, സുസ്ഥിര വികസനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നിവയാണ് പ്രധാന അജണ്ടയായി ബ്രിക്‌സ് സമ്മേളനത്തിൽ നിശ്ചയിച്ചിട്ടുള്ളത്.
റഷ്യയുടെ സെർജീ ലാവ്‌റോവ്, ചൈനയുടെ വാംഗ് യീ, ബ്രസീലിന്റെ കാർലോസ് ആൽബർട്ടോ ഫ്രാങ്ക, ദക്ഷിണാഫ്രിക്കയുടെ ഗ്രേസ് നലേഡി പാന്റർ എന്നിവരാണ് ജയശങ്കറിനൊപ്പം വിവിധ ചർച്ചകളിൽ പങ്കെടുക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ സമൂഹ ങ്ങളിലെ ശക്തമായ രാജ്യങ്ങളാണ് ബ്രിക്‌സ് സഖ്യത്തിലുള്ളത്.
സമ്മേളനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിനൊപ്പം മേഖലയിലെ അയൽരാജ്യങ്ങളുടെ പ്രതിസന്ധികൂടി പരിഹരിക്കുംവിധമായിരിക്കും. ഒപ്പം യൂറോപ്യൻ യൂണിയനുമായും അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുമായും സഹകരിച്ചു കൊണ്ട് ഈ മഹാമാരിയുടെ സമയത്തെ ഭാവിപ്രവർത്തനങ്ങളും ചർച്ചയാകും.
Comments