ചില സമയങ്ങളില്‍ ദൈവം മനുഷ്യന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്ന് നാം പറയാറുണ്ട്. ചിലരെങ്കിലും അത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നു പോയിട്ടുമുണ്ടാകും. എന്നാല്‍ ഇവിടെ ലോക്ഡൗണ്‍ കാരണം ഭക്ഷണമില്ലാതെ വിശന്നലയുന്ന ഒരുപറ്റം തെരുവ് നായ്‌ക്കള്‍ക്ക് ദൈവതുല്യനായി എത്തിയത് അംജിത്ത് സുഭാഷ് എന്ന ഇരുപ്പത്തി നാലുകാരനാണ്. ജോലിയ്‌ക്കു പോകുമ്പോള്‍ താന്‍ സ്ഥിരം കാണുന്ന തെരുവുനായ വിശന്നു വലഞ്ഞ് റോഡരികില്‍ ചത്തു കിടക്കുന്നത് കണ്ടതോടെയാണ് ഭക്ഷണം കിട്ടാതെ വിശന്നലയുന്ന തെരുവുനായ്‌ക്കള്‍ക്ക് ഒരുനേരത്തെ അന്നം നല്‍കാന്‍ അംജിത്ത് തീരുമാനിച്ചത്.
തിരുവന്തപുരത്തെ മംഗലപുരം ശാസ്തവട്ടം സ്വദേശിയായ അംജിത്ത് തന്റെ വീടിന് പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുളള തെരുവ് നായ്‌ക്കള്‍ക്ക് ദിവസവും മുടങ്ങാതെ ഭക്ഷണവും വെള്ളവും എത്തിക്കുന്നു. ആഴ്ചയില്‍ മൂന്നുദിവസം ഇറച്ചിയും മറ്റു ദിവസങ്ങളില്‍ മീനും വാങ്ങി വേവിച്ച് കറിയാക്കി റേഷനരി ചോറ് വെച്ച് അതിനൊപ്പം ചേര്‍ത്താണ് നല്‍കുന്നത്. രണ്ട് പെണ്‍മക്കളും ഭാര്യയും അടങ്ങുന്നതാണ് അംജിത്തിന്റെ കുടുംബം.
വാടക വീട്ടിലാണ് താമസം. ഒരു സാധാരണ ജോലിക്കാരനായ അംജിത്ത് തന്റെ വരുമാനത്തില്‍ നിന്നും ദിവസവും 350 രൂപ മാറ്റിവച്ചാണ് ഇവയ്‌ക്ക് ഭക്ഷണം എത്തിക്കുന്നത്. ഈ മിണ്ടാപ്രാണികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവയുടെ വിശന്ന് ഒട്ടിയ വയര്‍ വീര്‍ത്തു വരുന്നത് കാണുമ്പോഴുളള സന്തോഷത്തെക്കാള്‍ വലുത് വേറൊന്നുമില്ലെന്ന് അംജിത്ത് പറയുന്നു. ഇതിലൂടെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ചില മനുഷ്യരെങ്കിലും ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.
















Comments