ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയില്‍ ഐ.എസ് നടത്തിയ കൂട്ടക്കുരുതിയെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. അത്യന്തം നീചവും പൊറുക്കാനാവത്തതുമായ ആക്രമണമാണ് സാധാരണക്കാര്‍ക്കുനേരെ നടന്നിരിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടാറസ് പറഞ്ഞു. ക്രൂരമായ രീതിയിൽ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നടക്കുന്ന ഐ.എസ് ഭീകരതയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും ഗുട്ടാറസിനായി വക്താവ് സ്റ്റെഫാന്‍ ദുജാറിക് അറിയിച്ചു.
ദരിദ്രരാജ്യങ്ങളിലെ ദുര്‍ബലഭരണകൂടങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഭീകരരുടെ തന്ത്രങ്ങള്‍. ഇതിനെ അതിജീവിക്കാന്‍ മറ്റ് രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്നും ഗുട്ടാറസ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
ഏഴു കുട്ടികളടക്കം നൂറു പേരെയാണ് ഭീകരര്‍ തോക്കിനിരയാക്കിയത്. വെളളിയാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് സർക്കാർ അറിയിച്ചു. അയൽരാജ്യമായ നൈജറുമായി അതിർത്തി പങ്കിടുന്ന യഗാ പ്രവിശ്യയിലെ സോൽഹാനിലാണ് ലോകത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. അടുത്തിടെ വർദ്ധിച്ചുവന്ന ജിഹാദി ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു രാത്രി മുഴുവൻ നീണ്ടു നിന്ന ആക്രമണം.
അക്രമികൾ വീടുകളും മാർക്കറ്റും ഉൾപ്പെടെ ചുട്ടുകരിച്ചതായി സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരോടുളള ആദരസൂചകമായി രാജ്യം 72 മണിക്കൂർ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വർഷം ആദ്യം മുതൽ രാജ്യത്ത് അൽ ഖ്വായ്ദയുമായും ഐഎസുമായും ബന്ധമുളള ജിഹാദി സംഘങ്ങൾ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയിരുന്നു. മാർച്ചിൽ തെക്ക് പടിഞ്ഞാറൻ നൈജറിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 137 പേർ കൊല്ലപ്പെട്ടിരുന്നു.
തുടർച്ചയായ കലാപം മൂലം രണ്ട് വർഷത്തിനിടയിൽ 1.14 മില്യൻ ജനങ്ങളാണ് ബുക്കീന ഫാസോയിൽ നിന്ന് പലായനം ചെയ്തത്.
















Comments