കൊൽക്കത്ത: തെരഞ്ഞടുപ്പിൽ പരാജയപ്പെടുത്തിയതിന് സുവേന്ദുഅധികാരിയോട് പക മാറാതെ മമത. ബിജെപി നേതാവും എംഎൽഎയുമായ സുവേന്ദു അധികാരിക്കെതിരെ മോഷണത്തിനാണ് ഇപ്പോൾ മമതയുടെ പോലീസ് കേസെടുത്തിരിക്കുന്നത്.
ബംഗാളിലെ ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്നാരോപിച്ചാണ് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. തലസ്ഥാനമായ കൊൽക്കത്തയില്‍നിന്ന് 150 കിലോമീറ്ററോളം അകലെയുള്ള പുർബ മേദിനിപുർ ജില്ലയിലെ കാന്തി മുനിസിപ്പാലിറ്റിയിലെ ലക്ഷങ്ങൾ വിലയുള്ള ദുരിതാശ്വാസ സാമഗ്രികൾ മോഷണം പോയെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്. മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ ബോർഡ് അംഗം രത്നദീപ് മന്ന കാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് ആരോപിച്ച് സുവേന്ദുവിന്റെ അടുത്ത അനുയായിയായ രാഖൽ ബേറയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേ ദിവസം തന്നെയാണ് സുവേന്ദുവിനെതിരായ കേസ് ഫയൽ ചെയ്തിരിക്കുന്നതും. 2019ൽ ജലവിഭവമന്ത്രാലയത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽനിന്ന് 2 ലക്ഷം രൂപ വാങ്ങിയെന്നാണ് ഈ കേസ്.
2020 നവംബർ വരെ മമതാ ബാനർജിയുടെ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്ന സുവേന്ദു ഡിസംബറിലാണ് ബിജെപിയിൽ ചേർന്നത്. നിലവിൽ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. നന്ദിഗ്രാമിൽ 1200ൽപരം വോട്ടുകൾക്കാണ് സുവേന്ദു മമതയെ പരാജയപ്പെടുത്തിയത്.
Comments