കൊച്ചി: വയനാട് മുട്ടിൽ വനം കൊള്ളക്കേസിൽ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ ആന്റോ ജോസഫാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജി പരഗണിക്കവെ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർനങ്ങളും ചോദ്യങ്ങളുമാണ് ഉന്നയിച്ചത്.
റവന്യൂ പട്ടയ ഭൂമിയിൽ മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് കോടതി വിമർശിച്ചു. എന്തടിസ്ഥാനത്തിലാണ് മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ട് ഉദ്യോഗസ്ഥർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. എന്നാൽ പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയതെന്ന് സർക്കാർ കോടതിയിൽ ന്യായീകരിച്ചു.
കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വില്ലേജ് ഓഫീസർമാരടക്കം കേസിൽ അന്വേഷണം നേരിടുകയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
വയനാട്ടിൽ മാത്രം 37 കേസുകൾ വനംകൊള്ളയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ആന്റോയുടെ സഹോദരൻ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വ്യാപകമായ വനം കൊള്ള നടന്നിരിക്കുന്നത്. പലരുടേയും പട്ടയ ഭൂമിയിൽ നിന്നും ഇയാൾ സർക്കാർ ഉത്തരവ് മറയാക്കി മരങ്ങൾ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിൻ നിലവിൽ ഒളിവിലാണ്.
















Comments