ബംഗളൂരു : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊണ്ടു നടക്കാവുന്ന വെന്റിലേറ്ററുകൾ വികസിപ്പിച്ച് ഗവേഷകൻ. കൊൽക്കത്ത സ്വദേശിയായ ഡോ. രാമേന്ദ്ര ലാൽ മുഖർജിയാണ് പോക്കറ്റ് വെന്റിലേറ്ററുകൾ നിർമ്മിച്ചിരിക്കുന്നത്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഇത്തരം വെന്റിലേറ്ററുകൾ വലിയ സഹായമാകും.
അന്തരീക്ഷത്തിൽ നിന്നും വായു നേരിട്ട് വലിച്ചെടുത്താണ് മുഖർജിയുടെ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നത്. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന വെന്റിലേറ്ററുകളാണ് ഇവ. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാം. മുഴുവൻ ചാർജുള്ള ഒരു വെന്റിലേറ്റർ തുടർച്ചയായി എട്ട് മണിക്കൂർ നേരം പ്രവർത്തിപ്പിക്കാൻ സാധിക്കും. 250 ഗ്രാമാണ് ഇവയുടെ ഭാരം. അതുകൊണ്ടു തന്നെ എളുപ്പത്തിൽ കൊണ്ടുനടക്കാം.
രണ്ട് പ്രധാന ഭാഗങ്ങളാണ് വെന്റിലേറ്ററുകൾക്കുള്ളത്. പവർ യൂണിറ്റും വായയോട് ബന്ധിപ്പിക്കുന്ന ഭാഗവും. പവർബട്ടൻ ഓൺ ആക്കിയാൽ അന്തരീക്ഷത്തിലുള്ള വായു വെന്റിലേറ്ററിലെ അൾട്രാ വയലറ്റ് ചേമ്പർ വഴി അകത്തേക്ക് കടക്കും. ചേമ്പറിനകത്തുവെച്ച് ശുദ്ധീകരിക്കപ്പെടുന്ന വായു വായ്ഭാഗത്തേക്ക് പോകുന്നു. ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതിനായി കൺട്രോൾ നോബും വെന്റിലേറ്ററിൽ ഉണ്ട്. വായു ശുദ്ധീകരിക്കുന്നു എന്നതു കൊണ്ടുതന്നെ കൊറോണ രോഗികൾക്കും വെന്റിലേറ്ററുകൾ വളരെ ഫലപ്രദമാണ്.
കൊറോണ ബാധിതനായ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളാണ് പോക്കറ്റ് വെന്റിലേറ്ററുകൾ എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് ലാൽ മുഖർജി പറയുന്നു. രോഗബാധിതനായിരിക്കേ ശരീരത്തിലെ ഓക്‌സിജൻ അളവ് കുറയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. രോഗം ഭേദമായി ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ ശേഷം പോക്കറ്റ് വെന്റിലേറ്ററിന് ആവശ്യമായ സാമഗ്രികൾ ശേഖരിക്കാൻ ആരംഭിച്ചു. കേവലം 21 ദിവസം കൊണ്ടാണ് വെന്റിലേറ്റർ പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
















Comments