അന്യന് എന്ന തമിഴ് ചിത്രത്തിലെ ചിയാന്‍ വിക്രം എന്ന സൂപ്പര്‍ താരത്തിന്റെ മൂന്നു വേഷപ്പകര്‍ച്ചകള്‍ മാറിമറയുന്നത് ഇന്നും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം അന്യന് ബോളിവുഡില്‍ റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2005 ലാണ് ശങ്കര്‍ അന്യന് സംവിധാനം ചെയ്തത്. അമ്പി, റെമോ, അന്യയന് തുടങ്ങി മൂന്ന് കഥാപാത്രങ്ങളെയാണ് വിക്രം അവതരിപ്പിച്ചത്. വിക്രം അവതരിപ്പിച്ച അമ്പി എന്ന കഥാപാത്രമായി ബോളിവുഡില്‍ രണ്‍വീര്‍ സിംഗ് ആയിരിക്കും എത്തുക .
സംവിധായകന് ശങ്കര്‍ രണ്‍വീറുമായി സിനിമാ ചര്‍ച്ചകളും നടത്തി. ശങ്കറിനൊപ്പമുള്ള ചിത്രങ്ങളും റണ്വീര് സിംഗ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് നന്ദിനി എന്ന കഥാപാത്രത്തിന്റേത്. ബോളിവുഡിലേക്ക് അന്യന് ചേക്കേറുമ്പോള്‍ നായികാ കഥാപാത്രമായ നന്ദിനിയുടെ വേഷം ആര് ചെയ്യുമെന്നായിരുന്നു ആരാധകര്‍ കാത്തിരുന്നത്. അന്യനില്‍ സദയായിരുന്നു വിക്രമിന്റെ നായിക. എന്നാല്‍ കിയാര അദ്വാനിയായിരിക്കും നായികയായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കിയാര ആരാധകര്‍ക്ക് ഇതുസംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്. ബോളിവുഡില്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് കിയാര. ലസ്റ്റ് സ്റ്റോറീസ്, കബീര്‍ സിംഗ്, ഗുഡ് ന്യൂസ് തുടങ്ങിയ കിയാരയുടെ ചിത്രങ്ങളെല്ലാം ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായിരുന്നു. അതുവരെ നിര്‍മ്മിക്കപ്പെട്ട ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു അന്യന്.
Comments