കൊച്ചി: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് അറിയിച്ച് ലക്ഷദ്വീപ് പോലീസ്. ഐഷയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കവരത്തിയിലെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നാണ് ജാമ്യ ഹർജിയിൽ ഐഷ സുൽത്താന പറഞ്ഞത്. എന്നാൽ ഐഷയുടെ ആശങ്ക നിലനിൽക്കുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനാണ് ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും പോലീസ് അറിയിച്ചു.
ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് ലക്ഷദ്വീപ് പോലീസിനോട് ഹൈക്കോടതി നിലപാട് ആരാഞ്ഞത്. ക്രിമിനൽ നടപടി ചട്ടം 41എ പ്രകാരമാണ് ഹാജരാകാൻ നോട്ടീസ് നൽകിയത്. ഐഷയ്‌ക്കെതിരെ ചുമത്തിയ ദേശവിരുദ്ധ വകുപ്പുകൾ നിലനിൽക്കുമെന്നും എന്നാൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കുന്നതല്ലെന്നും ലക്ഷദ്വീപ് പോലീസ് അറിയിച്ചു. ജൂൺ 20ന് ഹാജരാകാൻ കവരത്തി പോലീസ് ഐഷയ്‌ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിന് ഐഷ അപേക്ഷ നൽകിയത്.
മീഡിയ വൺ ചാനൽ ചർച്ചയ്‌ക്കിടെ രാജ്യ ദ്രോഹ പരാമർശം നടത്തിയതിനാണ് കവരത്തി പോലീസ് ഐഷ സുൽത്താനയ്‌ക്കെതിരെ കേസെടുത്തത്. കേന്ദ്രസർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമർശം. തുടർന്ന് പരാമർശം പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഐഷ തയ്യാറായിരുന്നില്ല. തുടർന്ന് ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ ഐഷയ്‌ക്കെതിരെ നൽകിയ പരാതിയിലാണ് കേസ്.
















Comments