ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിക്കുന്ന ബയോളജിക്കൽ ഇയുടെ കൊറോണ പ്രതിരോധ വാക്‌സിൻ 90 ശതമാനം ഫലപ്രദമാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രസർക്കാരിന്റെ ഉപദേശക പാനലിലെ അംഗം ഡോ. എൻ.കെ അറോറ. കൊറോണ പ്രതിരോധത്തിൽ ബയോളജിക്കൽ ഇയുടെ വാക്‌സിന് നിർണ്ണായക പങ്കുവഹിക്കാൻ സാധിക്കും. ഗെയിം ചെയ്ഞ്ചറായിരിക്കും ഈ വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഒക്ടോബറോടെ വിപണിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ പ്രായക്കാരിലും വൈറസ് മികച്ച ഫലപ്രാപ്തിയാണ് കാണിക്കുന്നതെന്നും അറോറ വ്യക്തമാക്കി. രണ്ട് ഡോസിനും 250 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കോർബിവാക്‌സ് എന്ന് വിളിക്കുന്ന ബയോളജിക്കൽ ഇയുടെ വാക്‌സിൻ നൊവാവാക്‌സ് വാക്‌സിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ നിർമ്മിക്കുന്ന 30 കോടി വാക്‌സിനാണ് കേന്ദ്രസർക്കാർ ആദ്യ ഘട്ടത്തിൽ സംഭരിക്കുക. ഓഗസ്റ്റ്- ഡിസംബർ മാസങ്ങൾക്കുള്ളിൽ കമ്പനി വാക്‌സിൻ നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്യും. ഇതിനായി 1500 കോടി രൂപ മുൻകൂറായി ബയോളജിക്കൽ ഇയ്‌ക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു.
Comments