മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരിൽ പെരിന്തൽമണ്ണയിൽ 21 വയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിനീഷിനെ സംഭവ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് തുടരുന്നു. വീട്ടിലെത്തിച്ചപ്പോൾ ദൃശ്യയുടെ വീടിന് സമീപം ആളുകൾ തടിച്ചു കൂടിയിരുന്നു. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിച്ച ശേഷമാണ് വിനീഷിനെ വീട്ടിലെത്തിച്ചത്.
കൊലപാതകത്തിന് ശേഷം രക്ഷപെടുമ്പോൾ ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് പോലീസിനോട് പറഞ്ഞിരുന്നു. ഇത് വീടിന്റെ പരിസരത്ത് നിന്നും പോലീസ് കണ്ടെത്തി. ദൃശ്യയുടെ വീട്ടിന് പിന്നിലെ ആൾത്താമസം ഇല്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്ന ശേഷം വീട്ടിൽ അച്ഛനില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയതെന്ന് വിനീഷ് പറഞ്ഞു.
ദൃശ്യയുടെ വീട്ടിലെ അടുക്കളയിൽ നിന്നും കത്തിയും കൈക്കലാക്കി മുകളിലത്തെ നിലയിൽ കയറി ദൃശ്യയെ കുറേ നേരം കാത്തിരുന്നു. എന്നാൽ ദൃശ്യ താഴത്തെ നിലയിലാണ് ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴെയിറങ്ങി കുറേ നേരം ദൃശ്യയെ നോക്കി നിന്നുവെന്നും ആക്രമിക്കാൻ തയ്യാറെടുക്കുമ്പോഴാണ് അനിയത്തി ദേവശ്രീ മുറിയിലേക്ക് വന്നതെന്നും വിനീഷ് പോലീസിനോട് വിശദീകരിച്ചു.
ദേവശ്രീയെ ആക്രമിച്ച ശേഷമാണ് ദൃശ്യയെ വിനീഷ് കുത്തിക്കൊന്ന് രക്ഷപ്പെട്ടത്. വീട്ടിൽ നിന്ന് പുറത്തിറങ്ങി രക്തക്കറ കഴുകി കളഞ്ഞു. പിന്നീട് പുറക് വശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. വിനീഷ് ഉപയോഗിച്ച മാസ്‌കും അച്ഛൻ ബാലചന്ദ്രന്റെ കട തീയിടാൻ ഉപയോഗിച്ച ലൈറ്ററും പോലീസ് കണ്ടെത്തി. ദൃശ്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഇന്നലെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.
കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇന്നലെ പുലർച്ചെ എട്ടരയോടെയാണ് ദൃശ്യയെ വിനീഷ് കുത്തിക്കൊന്നത്. പ്രതി വിനീഷും മരിച്ച പെൺകുട്ടിയും പ്ലസ് ടുവിൽ സഹപാഠികളാണ്. കൊലപാതകം നടന്ന ദൃശ്യയുടെ വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് വിനീഷിന്റെ വീട്.
Comments