ഒരു സിനിമയില്‍ മാത്രം നായകനായി തിളങ്ങിയ നിരവധി അന്യഭാഷ താരങ്ങളുണ്ട്. ആ ഒരു സിനിമയിലൂടെ അവര്‍ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വെറും കുറച്ചു സീനുകളിലൂടെ മാത്രം പ്രത്യക്ഷപ്പെട്ട് മലയാളികളുടെ ഇന്നും മായാതെ കിടക്കുന്ന ഒരു കഥാപാത്രമുണ്ട്. മണിച്ചിത്രതാഴ് എന്ന സിനിമയിലെ നാഗവല്ലിയുടെ കഥയിലെ രാമനാഥന്‍ എന്ന നര്‍ത്തകന്‍. മലയാള സിനിമ ചരിതത്തിലെ ഹിറ്റ് സിനിമകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രതാഴ് എന്ന സിനിമ. അതിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും അതുപോലെ ഉണ്ട്. ഈ സിനിമയിലെ ‘ഒരു മുറൈ വന്ത്’എന്ന ഗാനം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.
ശോഭനയ്‌ക്കൊപ്പം ആ ഗാനരംഗത്തില്‍ ചുവടുകള്‍വെച്ച രാമനാഥന്‍ ഇന്ന് ‘ഖേച്ചര’ നൃത്ത വിദ്യാലയത്തിന്റെ ആത്മാവാണ്. കന്നഡയിലെ പ്രശസ്ത നടന്‍ ഡോ. ശ്രീധര്‍ ശ്രീറാമായിരുന്നു രാമനാഥനായി നമ്മളുടെ മുന്നില്‍ എത്തിയത്. കന്നട താരമായ ശ്രീധര്‍ സിനിമയുടെ തിരക്കുകളില്‍ നിന്നും പിന്നീട് നൃത്തത്തിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ബാഗ്ലൂരില്‍ നൂറോളം കുട്ടികള്‍ പഠിക്കുന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകനാണ്. കന്നടയില്‍ ഏകദേശം 65 സിനിമകളില്‍ നായകനായും അല്ലാതെയും അഭിനിയിച്ചിട്ടുണ്ടെങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രമെന്ന് അദ്ദേഹം പറഞ്ഞു.
ബാഗ്ലൂരിലെ അദ്ദേഹത്തിന്റെ റിതംബര എന്ന വീടിനും ഏകദേശം മണിച്ചിത്രത്താഴിലെ തെക്കിനിക്കും സമാനതകള്‍ തോന്നിപ്പിക്കുന്ന തരത്തിലാണുളളത്. രാമനാഥന്റെ കഥാപാത്രത്തിനായി ശോഭനയാണ് താരത്തിന്റെ പേര് നിര്‍ദേശിച്ചത്. മണിച്ചിത്രത്താഴിനു മുമ്പ് ഒരു തമിഴ് സിനിമയില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഒരു മുറൈ വന്ത്’ എന്ന ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്തിയതും ഇവര്‍ തന്നയാണ്. ശോഭനയാണ് സ്റ്റെപ്പുകള്‍ ഏറെയും നിര്‍ദേശിച്ചത്.കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുള്ള വേദികളിലും താരം പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നും പലരും രാമനാഥനെ തിരിച്ചറിയാറുമുണ്ട്. ശിഷ്യയായിരുന്ന അനുരാധയാണ് ഭാര്യ. ഏകമകള്‍ അനിഘ.
Comments