പത്തനംതിട്ട: എരുമേലിയിലെ ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ഭൂപതിവ് പട്ടയമുള്ള സ്ഥലത്ത് നിന്നും അനധികൃതമായി മരങ്ങൾ മുറിച്ച് കടത്തി. 27 തേക്കാണ് ഇവിടെ നിന്നും മുറിച്ച് കടത്തിയത്. സംഭവത്തിൽ കോട്ടയം കളക്ടറുടെ നിർദ്ദേശ പ്രകാരം കാഞ്ഞിരപ്പള്ളി തഹസിൽദാർ വിശദമായ പരിശോധന നടത്തും. കോട്ടയം, ഇടുക്കിയിലെ പീരുമേട്, എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് പരിധി എന്നിവ ഉൾപ്പെടുന്നതാണ് എരുമേലി ഫോറസ്റ്റ് റേഞ്ച്.
എരുമേലി വടക്ക്, എരുമേലി തെക്കി എന്നീ വില്ലേജുകളിൽ നിന്നാണ് മരങ്ങൾ മുറിച്ച് കടത്തിയത്. 27 തേക്ക് മരത്തിൽ 10 എണ്ണത്തിന് റവന്യൂ വകുപ്പിന്റെ പാസുണ്ടായിരുന്നു. എരുമേലി റേഞ്ചിൽ മരം മുറിയ്‌ക്കാൻ 600ൽ അധികം പാസുകൾ അനുവദിച്ചതായി നേരത്തെ വനം വകുപ്പിന്റെ വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. മുറിച്ച ശേഷം മറ്റൊരു സ്ഥലത്ത് മാറ്റിയിട്ടിരിക്കുന്ന നിലയിൽ ഒരു തേക്ക് മരം വനം-റവന്യൂ വകുപ്പിന്റെ ഫൈ്‌ലയിംഗ് സ്‌ക്വാഡ് കണ്ടെത്തി. ബാക്കിയുള്ളവ ജില്ലകടന്നിട്ടുണ്ടാകുമെന്നാണ് സൂചന.
കർഷകരുടെ സ്ഥലത്തുള്ള തേക്ക് മരങ്ങളും വെട്ടിയിട്ടുണ്ട്. എരുമേലി കരിനിലം മേഖലയിലെ രണ്ടിടത്താണ് ഇത്തരത്തിൽ മരം മുറിച്ചത്. മുണ്ടക്കയം അമരാവതി മേഖലയിൽ വനം വകുപ്പിന്റെ അനുമതി ഇല്ലാതെ അഞ്ച് കൂറ്റൻ തേക്കുകളാണ് മുറിച്ച് കടത്തിയത്. റവന്യൂ സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറയാക്കി വയനാട്ടിലെ മുട്ടിൽ വനംകൊള്ള പുറംലോകം അറിഞ്ഞതോടെ സംസ്ഥാന വ്യാപകമായി നിരവധി കേസുകളാണ് പുറത്തുവന്നത്. മലയോര മേഖകളിൽ നിന്ന് വ്യാപകമായി നിരവധി സംരക്ഷിത മരങ്ങളാണ് മുറിച്ചു കടത്തിയത്.
















Comments