തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും കസ്റ്റംസ്. സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ഇടനിലക്കാരാക്കി യുഎഇ കോൺസൽ ജനറൽ സംസ്ഥാനത്തെ മുൻ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും വച്ച് യോഗങ്ങൾ നടത്തിയതായും കസ്റ്റംസ് വെളിപ്പെടുത്തി.
പ്രതികളായ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നിവർക്ക് കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ കാരണം കാണിച്ചുള്ള 260 പേജുള്ള ഷോകോസ് നോട്ടീസാണ് കസ്റ്റംസ് നൽകിയത്.
സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറും ചേർന്ന് നിരവധി കൂടിക്കാഴ്ചകൾ പിണറായി വിജയനും കോൺസൽ ജനറലുമായി ഏർപ്പെടുത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റേയും വിദേശകാര്യ മന്ത്രാലയത്തിന്റേയും പ്രോട്ടോക്കോളുകൾ ലംഘിച്ചാണ് ഇവർ മുഖ്യമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയതും കേരളത്തിൽ പ്രവർത്തിച്ചതും. മുഖ്യമന്ത്രിയുമായി കോൺസുൽ ജനറൽ കൂടിക്കാഴ്ച നടത്തിയപ്പോൾ സ്വപ്‌ന സുരേഷിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോൾ ഓഫീസിനെ മറികടന്ന് സംസ്ഥാന സർക്കാർ വൈ കാറ്റഗറി സുരക്ഷയാണ് കോൺസൽ ജനറലിന് നൽകിയത്. ഇത് പല ഘട്ടങ്ങളിലും അവർ ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. സരിത്തിനേയും സന്ദീപിനേയും ഉപയോഗിച്ച് കേരളത്തിൽ കള്ളക്കടത്ത് നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു.
വിയറ്റ്‌നാമിൽ കോൺസൽ ജനറലായി ജോലി ചെയ്യുമ്പോഴും ഇവർ കള്ളക്കടത്തുകൾ നടത്താൻ പദ്ധതിയിട്ടിരുന്നു. യുഎഇയിൽ നിന്ന് നിരോധിത മരുന്നുകൾ ഇവർ വിയറ്റ്‌നാമിലേക്ക് കടത്തി ഇൻസ്റ്റഗ്രാമിലൂടെ വിൽപ്പന നടത്തിയിരുന്നു. ഇതിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലം മാറ്റം ലഭിച്ചാണ് കോൺസൽ ജനറൽ അടക്കമുള്ളവർ കേരളത്തിലെത്തതിയതെന്നും നോട്ടീസിൽ പറയുന്നു.
Comments