ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ ലഡാക്കിൽ യുദ്ധം ചെയ്യാൻ ചൈനയ്‌ക്ക് ഇനിയും ഏറെ പരിശീലിക്കേണ്ടി വരുമെന്ന് ജനറൽ ബിപിൻ റാവത്. ഹിമാലയൻ മലനിരകളിൽ ചൈനയുടെ സൈനികർക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് തെളിഞ്ഞെന്നും റാവത് പറഞ്ഞു. ടിബറ്റൻ പൗരന്മാരെ സൈന്യത്തിലെടുത്ത് ഇന്ത്യക്കെതിരായി പോരാടാൻ പരിശീലിപ്പി ക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് റാവതിന്റെ പ്രതികരണം. ചൈന കൈവശം വച്ചിരിക്കുന്ന ടിബറ്റൻ മേഖലയിലെ പൗരന്മാരെ സിക്കിമിന്റെ മറുവശമായ ചുംബി താഴ്‌വരയിൽ പരിശീലിപ്പിക്കുന്നുവെന്ന റിപ്പോർട്ടിനോടാണ് സംയുക്ത സൈനിക മേധാവിയുടെ പ്രതികരണം.
‘ഗാൽവാനിലും ലഡാക്കിലെ മറ്റ് പ്രദേശങ്ങളിലും ഇന്ത്യക്കെതിരെ നടത്തിയ സൈനിക നീക്കത്തിൽ ചൈനക്ക് വലിയ ക്ഷീണമാണ് സംഭവിച്ചത്. അതികഠിനമായ മേഖലകളിൽ പോരാടാനുള്ള പരിശീലനം വേണ്ടത്രയില്ലെന്ന് ചൈനീസ് സേനയ്‌ക്ക് മനസ്സിലായി.’ ജനറൽ ബിപിൻ റാവത് പറഞ്ഞു.
ചൈനയുടെ സൈനികരെല്ലാം സാധാരണക്കാരാണ്. അവരെ നിർബന്ധിച്ച് സൈനിക സേവനം ചെയ്യിക്കുകയാണ്. ഇത്തരക്കാർക്ക് ഇന്ത്യൻ സൈന്യത്തിന്റെ ധീരതയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകില്ല. അതിനാൽ തന്നെ വരുന്നവർ ഒരു മാസത്തിനകം തിരികെ പോകുന്ന അവസ്ഥയാണ്. ശാരീരികമായും മാനസികമായും അവർ ക്ഷീണിക്കും. എന്നാൽ ഇന്ത്യൻ സൈന്യം പരമ്പരാഗതമായി ഇത്തരം എല്ലാ മേഖലയിലും സ്ഥിരമായി അതിർത്തി കാക്കുന്നവരാണെന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും റാവത് പറഞ്ഞു.
Comments