ന്യൂഡൽഹി: വൻ സാമ്പത്തിക തട്ടിപ്പു നടത്തി സർക്കാറിനേയും ബാങ്കുകളേയും പറ്റിച്ച് നാടുവിട്ട ചോക്സി പരാതിയുമായി രംഗത്ത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സമ്പത്ത്, തട്ടിപ്പു നടത്തിയ തുകയേക്കാളേറെയാണെന്നാണ് ചോക്സിയുടെ വാദം. താൻ തിരികെ നൽകാനുള്ളതിലും കൂടുതൽ കണ്ടുകെട്ടിയെന്നും അത് നിയമവിരുദ്ധമാണെന്നും ചോക്സി അഭിഭാകഷകൻ വഴി പ്രസ്താവന ഇറക്കി. നിലവിൽ അന്താരാഷ്ട്ര നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ഡൊമിനിക്കയിലെ ജയിലിൽ ജാമ്യം ലഭിക്കാതെ കിടക്കുകയാണ് മെഹുൽ ചോക്സി.
‘ബാങ്കുകൾക്ക് തങ്ങൾ പണം മടക്കി നൽകാനുണ്ട്. എന്നാൽ ഇ.ഡി കണ്ടുകെട്ടിയിരിക്കുന്നത് പലിശയടക്കം തിരികെയടക്കേണ്ടതിലും അധികം തുക വരുന്ന സ്വത്താണ്. താൻ നൽകാനുള്ള തുക മുഴുവനായും പിടിച്ചാലും ബാക്കി തുക തനിക്ക് തിരികെ നൽകാനുള്ള ബാദ്ധ്യതയുണ്ട്’ ചോക്സിക്കായി അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.
നാടുവിട്ട പ്രതിയെ രാജ്യസുരക്ഷാ നിയമപ്രകാരമാണ് കേസിൽ പെടുത്തുന്നത്. ഫ്യൂജിറ്റീവ് എക്കണോമിക് ഒഫന്റേഴ്സ് നിയമ പ്രകാരം ബാങ്കുകൾക്ക് തുക ഇത്തരത്തിൽ നൽകാൻ വ്യവസ്ഥയില്ല. സ്വത്ത് കണ്ടുകെട്ടുന്നത് ഇ.ഡിയാണ്. പിന്നീട് കേന്ദ്രസർക്കാറിന് സ്വത്ത് വിറ്റ് പണം കൈമാറാനല്ലേ സാധിക്കൂ. അല്ലാതെ കേന്ദ്രസർക്കാർ എങ്ങനെ ഇരകൾക്ക് പണം കൈമാറുമെന്ന സ്വന്തം സംശയവും ചോക്സി പ്രസ്താവനയിലൂടെ ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാറിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഇ.ഡി ഇന്ന് 90371.17 കോടി രൂപ കൈമാറിയതിന് പിന്നാലെയാണ് ചോക്സി അഭിഭാഷകൻ വഴി വിചിത്രന്യായം ഉന്നയിച്ചത്. ആകെ 18,170.02 കോടിയുടെ സ്വത്താണ് നാടുവിട്ട ചോക്സി, നീരവ് മോദി, വിജയ് മല്യ എന്നിവരുടേതായി ഇ.ഡി.കണ്ടുകെട്ടിയത്.
















Comments