കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള വിവാഹത്തിന് താത്പര്യമില്ലെന്ന് പറയാൻ പെൺകുട്ടികൾ തയ്യാറാവണം. ഇതിനെതിരെ കൂട്ടായ നീക്കം വേണമെന്നും ഗവർണർ പറഞ്ഞു.
പല മേഖലകളിലും മുന്നിലായ കേരളത്തിൽ സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകൾ ഇപ്പോഴും നിലനിൽക്കുകയാണ്. വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ കേരളത്തിൽ കൂട്ടായ നീക്കങ്ങളും പ്രതിഷേധങ്ങളും നടക്കാറുണ്ട്. അതുപോലെ സ്ത്രീധനത്തിനെതിരേയും ശക്തമായി പ്രതികരിക്കണം. സ്ത്രീധന നിരോധനത്തിൽ ജനങ്ങളും അവബോധിതരാകണമെന്നും സംഘടനയ്‌ക്ക് രൂപം നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
സാധാരണഗതിയിൽ ഗവർണർ ഇത്തരത്തിൽ ആത്മഹത്യ നടന്ന വീടുകളിൽ പോകാറില്ലല്ലോയെന്ന ചോദ്യത്തിന് കേരളത്തിലെ എല്ലാ പെൺകുട്ടികളും എന്റെ മകൾക്ക് തുല്യമാണെന്നാണ് മറുപടിയായി അദ്ദേഹം പറഞ്ഞത്. വിസ്മയയുടെ വിയോഗവും തന്റെ മകൾ നഷ്ടപ്പെട്ടത് പോലെയാണ്. സ്ത്രീധനത്തിനെതിരെ ബോധവത്ക്കരണം അനിവാര്യമാണ്. ഇതിൽ മാദ്ധ്യമങ്ങൾക്കും വലിയ പങ്കുണ്ടെന്ന് ഗവർണർ വ്യക്തമാക്കി. 15 മിനിറ്റോളം വിസ്മയയുടെ വീട്ടുകാരുമായി സംസാരിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്.
Comments