ഗ്ലാസ്‌ഗോ: യൂറോകപ്പിൽ ആവേശം നിറച്ച മറ്റൊരു മത്സരത്തിൽ സ്വീഡനെ വീഴ്ത്തി ഉക്രൈൻ ക്വാർട്ടറിലെത്തി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഉക്രൈൻ ജയിച്ചത്.
ഒരു ഗോൾ സ്വയം അടിക്കുകയും അടുത്ത ഗോളിന് വഴിയൊരുക്കിയും മുന്നേറിയ അലക്‌സാണ്ടർ സീചെങ്കോയാണ് കളിയിലെ താരമായത്. അധിക സമയത്തെ ഇഞ്ച്വറി ടൈമിലാണ് രണ്ടാം ഗോൾ അർട്ടം ദൊവ്ബിക് നേടിയത്.
മുൻതൂക്കമുണ്ടായിട്ടും കളി സ്വന്തമാക്കാൻ സ്വീഡിഷ് നിരയ്‌ക്കായില്ല. 11-ാം മിനിറ്റിൽ ഉക്രൈൻ നടത്തിയ ആക്രമണവും ഫലം കണ്ടില്ല. സ്വീഡിഷ് ഗോളി റോബിൻ ഓൾസൺ ഗോളാവാതെ തടഞ്ഞു. 27-ാം മിനിറ്റിൽ ഉക്രൈനിനായി സീചെങ്കോ ഗോൾ നേടി. ആന്ദ്രേ യെർമലെങ്കോയുടെ പാസ്സാണ് സീചെങ്കോ ഗോളാക്കിയത്.
മുപ്പതാം മിനിറ്റിൽ സ്വീഡൻ മികച്ച ഒരു ആക്രമണം നടത്തിയെങ്കിലും ഗോളായില്ല. ഉക്രൈൻ ഗോളി ജ്യോർജിയുടെ മികവാണ് ഗോൾ തടഞ്ഞത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനിറ്റുള്ളപ്പോൾ സ്വീഡന്റെ സമനില ഗോൾ പിറന്നു. എമിൽ ഫോർസ്ബർഗ് ബോക്‌സിന് പുറത്തുനിന്നും ഉതിർത്ത ഷോട്ട് പ്രതിരോധ താരം ഇല്യ സബർനിയുടെ കാലിൽ തട്ടി ദിശ തെറ്റി ഗോൾവലയിൽ കയറി.
അധികസമയത്ത് സ്വീഡിഷ് താരം മാർകസ് ഡാനിൽസൺ ചുവപ്പുകാർഡ്കണ്ട് പുറത്തായത് ക്ഷീണമായി. മത്സരത്തിൽ പിടിമുറുക്കിയ ഉക്രൈൻ വിജയ ഗോളും നേടി. സീചെങ്കോ ഉയർത്തി അടിച്ചുകൊടുത്ത പന്ത് പകരക്കാരനായി ഇറങ്ങിയ അർട്ട് ദൊവ്ബിക് ഹെഡ് ചെയ്ത് വലയിലാക്കി.
















Comments