കൊച്ചി: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ ബിന്ദുവിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയത്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
പ്രൊഫസർ അല്ലെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പേരിന് മുന്നൽ ‘പ്രൊഫസർ’ എന്ന് ചേർത്താണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയിൽ വരുമെന്നും ഹർജിയിൽ പറയുന്നു. തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ലഘുലേഖ പുറത്തിറക്കിയെന്നും ഇത് ബിന്ദുവിന്റെ അറിവോടെയാണെന്നും പരാതിയിലുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നോട്ടീസുകളിലും ബാനറുകളിലും ചുവരെഴുത്തുകളിലും പ്രൊഫ. ബിന്ദുവെന്നാണ് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പറിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിനീലും പ്രൊഫ. ബിന്ദുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിലൂടെ വോട്ടർമാരെ സ്വാധീനിച്ച് നേടിയ തെരഞ്ഞെടുപ്പ് വിജയമാണെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്.
















Comments