ബീജിംഗ്: ചൈനയുടെ ഇച്ഛാശക്തിയും ഉദ്ദേശ്യവും സമാനതകളില്ലാത്ത സൈനിക ബലവും ആരും കുറച്ചുകാണരുതെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്. തായ്വാനെയും അമേരിക്കയെയും പേരെടുത്തു പറയാതെയാണ് ഷീ ജിൻ പിങിന്റെ ഭീഷണി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) നൂറാം വാർഷികാഘോഷ ചടങ്ങുകളുടെ ആഘോഷം ബീജിംഗിൽ നടക്കവെയായിരുന്നു ഷീ ജിൻ പിങിന്റെ പ്രസ്താവന.
പ്രാദേശിക ഐക്യദാർഢ്യവും പരമാധികാരവും സംരക്ഷിക്കുന്നതിനായി ചൈന ഏതറ്റം വരെയും പോകും. ചൈനയുടെ ശക്തമായ ഇച്ഛാശക്തിയും ലക്ഷ്യവും ആരും കുറച്ചുകാണരുത്. വിദേശശക്തികളെ അടിച്ചമർത്താനോ കീഴ്പ്പെടുത്താനോ ചൈന ശ്രമിക്കില്ല, ഇതായിരുന്നു ഷീ ജിൻ പിങിന്റെ വാക്കുകൾ.
ഏതെങ്കിലും വിദേശശക്തി ചൈനയെ അടിച്ചമർത്താൻ ശ്രമിച്ചാൽ ചൈനയിലെ 1.4 ബില്യൺ ജനങ്ങളുടെ കരുത്തുറ്റ ശക്തിയെ നേരിടേണ്ടിവരുമെന്നും ഷീ ജിൻ പിങ് വെല്ലുവിളിച്ചു. ലഡാക്കിലെ ഇന്ത്യൻ മണ്ണിൽ ഞങ്ങൾ ആരെയും അടിച്ചമർത്താൻ നോക്കിയിട്ടില്ല. മറ്റൊരു രാജ്യത്തെ പൗരന്മാരോട് ഏറ്റുമുട്ടാനോ അവരെ കീഴ്പ്പെടുത്താനോ ശ്രമിച്ചിട്ടില്ല. ഭാവിയിലും അത് ചെയ്യില്ല, ‘ഷീ ജിൻ പിങ് പറഞ്ഞു.
തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സൈന്യത്തെ ശക്തിപ്പെടുത്തുകയാണെന്നും അത് അത് ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനും ആഗോള വികസനത്തിനും അന്താരാഷ്‌ട്ര നിയമങ്ങൾ സംരക്ഷിക്കുന്നതിന് ചൈന എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്ന നൂറ്റാണ്ടിന്റെ ലക്ഷ്യം ചൈന കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ചൈനയിലെ ജനങ്ങൾ ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണെന്നും ഷീ ജിൻ പിങ് വ്യക്തമാക്കി. നമ്മുടെ ദേശീയ സുരക്ഷയും സൈന്യവും തീർച്ചയായും നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഷീ ജിൻപിങ് പ്രസിഡന്റായതിനുശേഷം ചൈന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ 9 കോടിയിലധികം അംഗങ്ങളുണ്ട്. സേനയുടെ നിയന്ത്രണത്തിന് മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സൈനിക കമ്മീഷൻ ചെയർമാൻ കൂടിയാണ് ഷീ ജിൻ പിങ്.
കൊറോണ ഉത്ഭവം സംബന്ധിച്ച് ചൈനയെ ലോക രാജ്യങ്ങൾ മുഴുവൻ ലക്ഷ്യമിടുകയാണ്. തെക്കൻ ചൈനാക്കടലിലെ ചൈനയുടെ ആക്രമണാത്മക നയങ്ങൾക്കും എല്ലാ രാജ്യങ്ങളും എതിരാണ്. മാത്രമല്ല, ഹോങ്കോംഗ്, ഉയിഗുർ മുസ്‌ലിംങ്ങൾ, ലഡാക്ക്, തായ്‌വാൻ എന്നിവയുമായി ബന്ധപ്പെട്ട ചൈനയുടെ നയങ്ങളും ലോകമെമ്പാടും വിമർശിക്കപ്പെടുന്ന സമയത്താണ് ഷീ ജിൻ പിങിന്റെ പ്രസ്താവന.
Comments