റോം: യൂറോകപ്പിനായി കരുത്തന്മാർ ക്വാർട്ടർ പോരാട്ടത്തിന് ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ സ്‌പെയിൻ സ്വിറ്റ്‌സർലന്റിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കരുത്തരായ ഇറ്റലിയുടെ എതിരാളികൾ ലോക ഒന്നാം നമ്പറുകാരായ ബെൽജിയമാണ്.
യൂറോ കപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് സ്വിറ്റ്‌സർലന്റും സ്‌പെയിനും ഏറ്റുമുട്ടുന്നത്. ലോകകപ്പിൽ മാത്രമാണ് 1966, 94, 2010 വർഷങ്ങളിൽ ഇരുടീമുകളും കൊമ്പുകോർത്തത്. 22 മത്സരങ്ങളിൽ സ്‌പെയിൻ ഇതുവരെ ഒരു തോൽവി മാത്രമാണ് അറിഞ്ഞിട്ടുള്ളത്. തുടർച്ചയായി രണ്ടു മത്സരങ്ങളിൽ 5 ലേറെ ഗോളുകളടിച്ച റെക്കോഡുമായിട്ടാണ് ഇത്തവണ സെപെയിൻ മുന്നേറിയിട്ടുള്ളത്. സ്വിറ്റ്‌സർലന്റ് ലോകകപ്പിലും യൂറോയിലുമായി ഇതുവരെ മൂന്ന് തവണമാത്രമാണ് ക്വാർട്ടറിലെത്തിയിട്ടുള്ളത്.
മുപ്പത്തിയൊന്നു മത്സരങ്ങളുടെ അപരാജിത കുതിപ്പുമായിട്ടാണ് ഇറ്റലി ബെൽജി യത്തിനെതിരെ ഇറങ്ങുന്നത്. ഇരുടീമുകളും തമ്മിൽ അഞ്ചാം തവണയാണ് ഏറ്റുമുട്ടാനിറങ്ങുന്നത്. നാലാം തവണയാണ് ഇറ്റലി യൂറോകപ്പിന്റെ ക്വാർട്ടറിലേക്ക് കടക്കുന്നത്. എല്ലാ തവണയും ഫലം വന്നത് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്. 2008ൽ സ്‌പെയിനിനോട് തോറ്റപ്പോൾ 2016ൽ ജർമ്മനിയും മേൽകൈ നേടി. 2012ൽ ഇംഗ്ലണ്ടിനെ മറികടന്ന് സെമിയിലെത്തി. കഴിഞ്ഞ 18 മത്സരങ്ങളിലായി ഒന്നിലേറെ ഗോളുകൾ ഇറ്റലി ഒരു തവണമാത്രമേ വഴങ്ങിയിട്ടുള്ളു.
കളിച്ച എട്ടു മത്സരങ്ങൾ ജയിച്ചാണ് ബെൽജിയത്തിന്റെ വരവ്. നിലവിലെ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിനെ പ്രീക്വാർട്ടറിൽ ഏക ഗോളിന് ഞെട്ടിച്ചാണ് ബെൽജി യത്തിന്റെ ക്വാർട്ടർ പ്രവേശം.
















Comments